നഗരപ്രദേശങ്ങളില്‍ പൂര്‍ണ നഗ്‌നനായി മോഷണം: പ്രതി പിടിയില്‍
തമിഴ്‌നാട് നീലഗിരി ഗൂഢല്ലൂര്‍ ബിദര്‍ കാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബ്ദുള്‍ കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീര്‍ (58) ആണ് ടൗണ്‍ സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
മോഷണത്തിനായി ഉച്ചയോടെ കണ്ണൂരില്‍ എത്തിയപ്പോഴാണ് കെഎസ്ആര്‍ടിസി സ്‌റ്റേഷനില്‍ വെച്ച് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പൂര്‍ണനഗ്‌നനായി മോഷണത്തിന് ഇറങ്ങിയ അബ്ദുള്‍ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മോഷ്ടാവ് എത്തിയത്. പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങുന്നത്. ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും.
ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ലെങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ മോഷണ രീതിയെന്ന് പോലിസ് പറഞ്ഞു. പ്രതിക്ക് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 ഓളം മോഷണ കേസുകളുണ്ടെന്ന് ടൗണ്‍ പോലിസ് അറിയിച്ചു. വാട്ടര്‍ മീറ്റര്‍ മോഷണത്തിലൂടെ കുപ്രസിദ്ധി നേടിയതോടെയാണ് കബീറിന് വാട്ടര്‍ മീറ്റര്‍ കബീറെന്ന ചെല്ല പേര് വീണത്.