കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് കോടതിയില്‍ നിന്ന് നേരിയ ആശ്വാസം. അടുത്തമാസം മൂന്നുവരെ അറസ്റ്റ് തടഞ്ഞുകൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുകേഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. പകരം കേസ് വിശദമായ വാദം കേള്‍ക്കുന്ന സപ്തംബര്‍ മൂന്ന് വരെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. നേരത്തേ, പരാതിക്കാരിയില്‍നിന്ന് ആലുവയിലെ ഫ്‌ലാറ്റിലെത്തി പോലിസ് മൊഴിയെടുത്തിരുന്നു. 12 മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിനു ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം, അതിക്രമിച്ചുകടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. നടിമാരുടെ പരാതിയില്‍ നടന്മാരായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു, കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.