കൊച്ചി: പീഡനശ്രമക്കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ഹര്‍ജി തള്ളുകയും ചെയ്തു. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരേ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ആഗസ്ത് 23ന് നടന്ന സംഭവത്തില്‍ സപ്തംബര്‍ 15ന് പരാതി നല്‍കിയിരുന്നു. പിന്നാലെ, യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതിക്കെതിരേ ഉണ്ണിമുകുന്ദനും പരാതി നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹരജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ഹരജികളും കോടതികള്‍ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയില്‍ ഹാജരാവുകയും 2021 ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ച് സ്‌റ്റേ വാങ്ങുകയുമായിരുന്നു. സ്‌റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും സ്‌റ്റേ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയില്‍ വ്യക്തമാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. തുടര്‍ന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്‌റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിയില്‍ വിശദീകരണം നല്‍കാന്‍ നടന്‍ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയില്‍ തട്ടിപ്പ് നടന്നതായും അതീവ ഗൗരവമുള്ള വിഷയമാണിതെന്നും ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി.