കാസര്‍കോട് വികസന പാക്കേജ്: ജലസംഭരണ നിര്‍മിതികളുടെ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനും അനുമതി
ഒമ്പത് നദികളും മൂന്ന് ചെറുനദികളും അടക്കം നൂറുകണക്കിന് ചെറുനീര്‍ച്ചാലുകളും കൈത്തോടുകളും ഉള്ള ജില്ല മഴ അവസാനിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ ജലക്ഷാമത്തിന്റെ പിടിയില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ നിലവിലെ ജലസംഭരണ നിര്‍മ്മിതികളുടെ നവീകരണവും പുനര്‍നിര്‍മാണവും നടത്തുന്നത് ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന് വളരെയധികം ഉപകാരപ്രദമാവും. ജില്ലയുടെ കുടിവെളള ക്ഷാമത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജലസംരക്ഷണ നിര്‍മ്മിതികളുടെ നവീകരണവും പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നത് ചെറുകിട ജലസേചന വിഭാഗം എക്‌സി. എന്‍ജിനീയറാണ്.
ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന്റെ ഭാഗമായി ജലസംഭരണ നിര്‍മിതികളുടെ നവീകരണം, പുനര്‍ നിര്‍മാണം എന്നിവയ്‌ക്കൊപ്പം ചെലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റിങ് ചെക്ക്ഡാമുകളുടെ നിര്‍മാണം, പുഴകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജലക്ഷാമ ലഘൂകരണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കി വരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫിസര്‍ ഇ പി രാജ്‌മോഹന്‍ അറിയിച്ചു.
Kasaragod Development Package: Permission for renovation and reconstruction of water storage structures