തൃക്കരിപ്പൂരില്‍ വീടിന്റെ ഗ്രില്‍ തകര്‍ത്ത് 12 പവന്‍ കവര്‍ന്നു

കക്കുന്നം കുന്നച്ചേരി എല്‍പി സ്‌കൂളിന് സമീപമുള്ള റിട്ട. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ടി കുഞ്ഞികൃഷ്ണന്റെ മകള്‍ ടി ദീപയുടെ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ടുതകര്‍ത്ത്

Update: 2019-11-03 12:57 GMT

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കക്കുന്നത്ത് വീട്ടില്‍ വന്‍കവര്‍ച്ച നടന്നതായി റിപോര്‍ട്ട്. വീട്ടുകാര്‍ ബന്ധുവീട്ടില്‍പോയി തിരിച്ചെത്തുമ്പോഴേക്കും ഗ്രില്‍സിന്റെ പൂട്ടുതകര്‍ത്തു കിടപ്പുമുറിയില്‍ സൂക്ഷിച്ച 12 പവനിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് വിവരം. കക്കുന്നം കുന്നച്ചേരി എല്‍പി സ്‌കൂളിന് സമീപമുള്ള റിട്ട. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ടി കുഞ്ഞികൃഷ്ണന്റെ മകള്‍ ടി ദീപയുടെ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മൂന്നരലക്ഷത്തില്‍പ്പരം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.

നാലുവള, ഒരുമാല, കമ്മല്‍ എന്നിവ ഉള്‍പ്പടെയുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ദീപയുടെ ഭര്‍ത്താവിന്റെ ഉദിനൂരിലുള്ള വീട്ടില്‍ കല്യാണച്ചടങ്ങില്‍ പങ്കെടുത്ത് രാത്രി 8.30നാണ് വീട്ടുകാര്‍ സ്വവസതിയില്‍ തിരിച്ചെത്തിയത്. വീടിന്റെ മുന്‍വാതില്‍ തുറന്ന് അടുക്കളഭാഗത്തേക്ക് കടന്നപ്പോഴാണ് പിന്‍ഭാഗത്തുകൂടി ഗ്രില്‍സിന്റെ പൂട്ടുതകര്‍ത്ത് കവര്‍ച്ച നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര എസ്‌ഐ കെ പി സതീഷിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദീപയുടെ ഭര്‍ത്താവ് വേണുഗോപാല്‍ ഗള്‍ഫില്‍ ജോലിചെയ്തുവരികയാണ്. 

Tags:    

Similar News