സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് റിമാന്റ് റിപോര്‍ട്ട്
ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിപോര്‍ട്ടിലുണ്ട്.
കൊല്ലം: ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതിനു കാരണം വ്യക്തിവൈരാഗ്യമെന്ന് പോലിസിന്റെ റിമാന്റ് റിപോര്‍ട്ട്. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് ബഷീറിനെ പ്രതിയായ ഷാജഹാന്‍ കൊലപ്പെടുത്തിയതെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിപോര്‍ട്ടിലുണ്ട്. കുത്തിയശേഷം കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടായെന്ന് പ്രതിയായ ഷാജഹാന്‍ വിളിച്ചുപറഞ്ഞു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈര്യാഗ്യമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലിസ് വ്യക്തമാക്കി. .
സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് ഷാജഹാന്‍ വിളിച്ച് കളിയാക്കിയിരുന്നു. ഇത് ബഷീര്‍ ചോദ്യം ചെയ്തതാണ് ഷാജഹാനെ ചൊടിപ്പിച്ചത്. അതേസമയം, ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് സിപിഎം പറയുന്നു. കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് കടയ്ക്കലില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തുകയും ചിതറ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തെ തള്ളി ബഷീറിന്റെ സഹോദരി രംഗത്തുവന്നിരുന്നു.