ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ അപലപനീയം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-11-02 15:51 GMT

കോട്ടയം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ അപലപനീയമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി. അസമിനുശേഷം ത്രിപുരയില്‍ സര്‍ക്കാര്‍ മൗനാനുവാദത്തോടുകൂടി പോലിസിനെ കാഴ്ചക്കാരാക്കി സംഘപരിവാര്‍ നടത്തുന്ന അക്രമം ഉത്തരേന്ത്യന്‍ മോഡല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പള്ളികളും ചര്‍ച്ചുകളും ഉള്‍പ്പെടെ പൊളിച്ചുമാറ്റുകയും ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍ച്ചയായി ഇന്ത്യയില്‍ നടക്കുമ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി ലോകത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷ വേട്ട ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്ന വിശ്വാസം ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മതേതര ജനാധിപത്യ വിശ്വാസികളും മനുഷ്യാവകാശ സംഘടനകളും കോടതികളുടെയും ഇടപെടലിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലവര്‍ധനവിലൂടെ തുടരുന്ന ജനദ്രോഹ നടപടികള്‍ നിര്‍ത്തിവയ്ക്കാനും നികുതിയില്‍ കുറവുവരുത്തി ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വി ഒ അബുസാലി, തമ്പിക്കുട്ടി ഹാജി, പി എസ് ഹുസൈന്‍, എസ് എം ഫുവാദ്, സമീര്‍ മൗലാനാ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News