ബാബറി മസ്ജിദ് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കണമെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍
കോട്ടയം: ഇന്ത്യയുടെ മതേതര ജനാധ്യപത്യ സംവിധാനത്തിന്റെ വലിയൊരു നാണക്കേടായി ബാബരി മസ്ജിദിന്റെ തകര്‍ച്ച കഴിഞ്ഞ മൂന്നുപതിറ്റാണ്ട് കാലമായി ഇന്ത്യ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഓണംപള്ളി മുഹമ്മദ് ഫൈസി. കേരള മുസ് ലിം ജമാ അത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 'ബാബറി മസ്ജിദ് ഓര്‍മയും സന്ദേശവും' വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളോളം നമസ്‌കാരം നിര്‍വഹിച്ച മസ്ജിദ്, രാമ ജന്മഭൂമി എന്ന പേരില്‍ ചില വാദങ്ങള്‍ ഉന്നയിച്ച് ചരിത്രത്തോട് ഒരു നീതിയും പുലര്‍ത്താതെ 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ ശക്തികള്‍ തകര്‍ത്തെറിഞ്ഞു. ഇന്ത്യയുടെ ഭരണ സംവിധാനങ്ങളെ പിന്നീട് കാവിവത്ക്കരിക്കപ്പെടുന്ന അവസ്ഥയിലേക്കെത്താന്‍ പ്രധാന കാരണം ബാബറി മസ്ജിദിന്റെ തകര്‍ച്ചയാണ്. അതുവഴി രാഷ്ട്രീയമായി ഉണ്ടായ ഒട്ടേറെ മാറ്റങ്ങള്‍ ഇന്ത്യ നേരില്‍ക്കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദില്‍ കോടതി വിധിപോലും നീതിപൂര്‍വ്വമായിരുന്നില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിഗമനങ്ങള്‍ മുഴുവന്‍ കോടതി തള്ളി. പിന്നീട് ഒരു പ്രശ്‌നപരിഹാരം എന്ന നിലയില്‍ വാസ്തവം എന്ന് പറയാനാകാത്ത ചില ആളുകളുടെ വാക്കുകള്‍ കണക്കിലെടുത്തുകൊണ്ടാണ് വിധി ഉണ്ടായത്. സാമൂഹിക കാലുഷ്യം ഉണ്ടാകാതിരിക്കാന്‍ വേണ്ടി മുസ് ലിം സമൂഹം കോടതിവിധിയെ മാനിച്ചു.
ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണം എന്ന് ഇന്ത്യയിലെ മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാംതന്നെ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് അതെല്ലാം അവര്‍ത്തന്നെ മറക്കുകയായിരുന്നു. സമീപകാലത്തായി സംഘപരിവാര്‍ പല മസ്ജിദുകളെയും ലക്ഷ്യമാക്കി ബാബരിയ്ക്കു മേല്‍ ഉയര്‍ത്തിയ അതേ വാദങ്ങള്‍ത്തന്നെയാണ് ഉന്നയിക്കുന്നത്. ഫാഷിസം ഒരു സമൂഹത്തിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ ജുഡീഷ്യറിയും മതേതര മനോഭാവവും നിലനിര്‍ത്താന്‍ ജനാധിപത്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെബിനാറില്‍ കേരള മുസ് ലിം ജമാ അത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ മോഡറേറ്ററായിരുന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം താജുദ്ദീന്‍, വര്‍ക്കിങ് പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍, ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി, ഉത്തരമേഖല ചെയര്‍മാന്‍ ഡോക്ടര്‍. കാസിമുല്‍ ഖാസിമി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.