കായികതാരങ്ങള്‍ക്ക് ഇനിയും അവസരം നിഷേധിക്കരുത്: കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍
കോട്ടയം: കൊവിഡ് മൂലം കരിയറില്‍ രണ്ടുവര്‍ഷം നഷ്ടമായ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് കായിക പരിശീലനത്തിന് ഇനിയും അവസരം നിഷേധിക്കുന്ന നിലപാട് ഭരണാധികാരികള്‍ തിരുത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍. രഞ്ജി ട്രോഫി മല്‍സരം നടന്ന ഒളിംപ്യന്‍ രഞ്ജിത്ത് മഹേശ്വരി, സിജോമോന്‍ ജോസഫ് എന്നിവരെ പോലുള്ള നിരവധി കായിക താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ അവസരമൊരുക്കിയ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് കായിക ദിനത്തില്‍ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ യൂത്ത് കൗണ്‍സില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ കുറ്റപ്പെടുത്തി.
ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍ ഉള്‍പ്പെടെയുള്ള പ്രാക്ടീസിനുള്ള മുഴുവന്‍ സ്ഥലങ്ങളും കാടുകയറിക്കിടക്കുകയാണ്. തകര്‍ന്നുകിടക്കുന്ന ഗ്യാലറിയിലുള്ള നടത്തം ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആണെന്നും നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണം. കോട്ടയം ജില്ലയില്‍ 400 മീറ്റര്‍ ട്രാക്കുള്ളത് പാലായിലും സിഎംഎസ് കോളജിലും മാത്രമാണ്. ജില്ലയിലെ കായിക മുന്നേറ്റത്തിന് കുതിപ്പേകാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ചിങ്ങവനത്ത് സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെ ആധുനികരീതിയിലുള്ള സ്റ്റേഡിയം പദ്ധതി നിര്‍ദേശം ഇടതുസര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കണം.
കൃത്യമായ വ്യായാമമില്ലാത്തതുകൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ക്ക് ജനങ്ങള്‍ കീഴ്‌പ്പെടാതിരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും പൊതുസ്‌റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സ്‌കൂള്‍ കോളജ് തലങ്ങളില്‍ കായിക മല്‍സരങ്ങളില്‍ മികച്ചുനിന്നിരുന്ന ജില്ലയുടെ പാരമ്പര്യം തിരികെ പിടിക്കാനും ജില്ലയില്‍നിന്ന് ഒളിംപിക്‌സ് മെഡല്‍ നേടുന്ന കായികതാരങ്ങളെ വാര്‍ത്തെടുക്കാനും രാഷ്ട്രീയകക്ഷി ഭേദമന്യേ ജില്ലയിലെ മുഴുവന്‍ നേതാക്കന്‍മാരും ഒന്നിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സുബിന്‍ മുഹമ്മദ്, ഷാഹുല്‍ ഹമീദ്, അമീര്‍ ഇസ്മായില്‍, തരിഹ് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.