കേരള കോണ്‍ഗ്രസ് അവിശ്വാസത്തിന് കോണ്‍ഗ്രസ് പിന്തുണ; കടുത്തുരുത്തി സഹകരണ ബാങ്ക് ചെയര്‍മാന്‍ പുറത്ത്
കോട്ടയം: യുഡിഎഫ് ഭരിച്ചിരുന്ന കടുത്തുരുത്തി അര്‍ബണ്‍ സഹകരണ ബാങ്ക് ചെയര്‍മാനെതിരേ കേരള കോണ്ഗ്രസ് (എം) കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രമേയത്തെ കോണ്‍ഗ്രസിലെ ഒരുവിഭാഗം പിന്തുണച്ചതോടെയാണ് ചെയര്‍മാന്‍ യു പി ചാക്കപ്പന്‍ പുറത്തായത്. 15 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ്- ഒമ്പത്, കേരള കോണ്ഗ്രസ് (എം)- അഞ്ച്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസിലെ മധു എബ്രഹാം, കെ ആര്‍ സജീവന്‍, സി കെ ശശി എന്നിവരാണ് കേരള കോണ്ഗ്രസ് (എം) അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസത്തെ പിന്തുണച്ചത്.
ചെയര്‍മാന്റെ ഏകാധിപത്യ ഭരണത്തിനെതിരേ മൂവരും കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് ഇവരുടെ നിലപാട്. ബാങ്ക് ചെയര്‍മാനെതിരേ കേരളാ കോണ്‍ഗ്രസ് എമ്മിലെ അഞ്ച് അംഗങ്ങളാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി നല്‍കിയതിന് പിന്നാലെ സഹകരണ വകുപ്പ് 66(1) പ്രകാരം നടത്തിയ പരിശോധനയില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് നാലിന് ഭരണസമിതിയെ പിരിച്ചുവിട്ട് കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്ററെ ചാര്‍ജ് ഏല്‍പ്പിച്ചിരുന്നു. ഇതിനെതിരേ ഭരണസമിതിയിലെ 6 കോണ്‍ഗ്രസ് അംഗങ്ങളും കേരള കോണ്ഗ്രസ് (എം) ലെ 4 പേരും ജോസഫ് ഗ്രുപ്പിലെ 1 അംഗവും ചേര്‍ന്ന് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.
അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്ത മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും കേരള കോണ്ഗ്രസ് (എം) ലെ ഒരംഗവും ഇതില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി രജിസ്ട്രാറുടെ പിരിച്ചുവിടല്‍ നടപടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തീരുമാനം റദ്ദാക്കി. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ പരിഹരിച്ച് പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും അതുവരെ ഭരണാസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാതെ തുടരാമെന്നുമായിരുന്നു കോടതി ഉത്തരവ്. പിന്നീടാണ് കേരള കോണ്ഗ്രസ് (എം) അംഗങ്ങളായ അഞ്ചുപേര്‍ ആവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി പിരിച്ചുവിടലിന്റെ വക്കില്‍ ഭരണസമിതി എത്തിനില്‍ക്കുമ്പോളാണ് അവിശ്വാസം കൊണ്ടുവന്നത് ചെയര്‍മാനെ പുറത്താക്കിയിരിക്കുന്നത്. ചെയര്‍മാന്റെ ദുര്‍ഭരണത്തോടുള്ള എതിര്‍പ്പ് മാത്രമല്ല, ഭരണസമിതി പിരിച്ചുവിട്ടാല്‍ അയോഗ്യതയും വന്‍ സാമ്പത്തിക ബാധ്യതയും ബോര്‍ഡ് മെംബറുമാര്‍ക്ക് വരും. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് ചേരിയിലായിരുന്നു. യുഡിഎഫ് ഭരിച്ചിരുന്ന മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് അംഗത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം അവിശ്വാസത്തിലൂടെ കേരളാ കോണ്‍ഗ്രസ്(എം) പിടിച്ചെടുത്തിരുന്നു.