കുരുവിലശ്ശേരി സഹകരണ ബാങ്കില്‍ ഭരണ സമിതി അംഗങ്ങള്‍ തമ്മില്‍ തല്ല്; പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടിസ്

Update: 2022-06-03 12:40 GMT

മാള: കഴിഞ്ഞ 32 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മാള കുരുവിലശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഭരണ സമിതി അംഗങ്ങള്‍ തമ്മില്‍ തല്ല്. കുറച്ചു മാസങ്ങളായി തുടരുന്ന അഭിപ്രായ വിത്യാസത്തിനെ തുടര്‍ന്ന് പ്രസിഡന്റിനെതിരേ ഭരണസമിതി അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കി.

19 അംഗ ഭരണസമിതിയില്‍ ഏഴ് പേരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുള്ളത്. ജോയിന്റ് രജിസ്ട്രാര്‍ക്ക് ലഭിച്ച അവിശ്വാസപ്രമേയ നോട്ടിസില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ബാങ്കില്‍ വായ്പാ കുടിശ്ശിക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് അവിശ്വാസപ്രമേയം

വരുന്നത്. 14,800 ഓളം അംഗങ്ങളുള്ള ബാങ്കില്‍ വര്‍ഷങ്ങളായി പ്രസിഡന്റായി തുടര്‍ന്നിരുന്ന എ ആര്‍ രാധാകൃഷ്ണന് മത്സരിക്കാന്‍ സങ്കേതിക തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഭരണ സമിതിയില്‍ എ ആര്‍ രാധാകൃഷ്ണന്റെ നോമിനിയെ പ്രസിഡന്റാക്കാതെ ജോഷി പെരേപ്പാടന്‍ തന്റെ സ്വാധീനത്തില്‍ പ്രസിഡന്റായി വന്നത്.

ബാങ്കില്‍ നിലവിലുള്ള വായ്പാ കുടിശ്ശിക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെനാളായി ഭരണസമിതിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് അവിശ്വാസപ്രമേയം വരുന്നത്. അവിശ്വാസപ്രമേയം ഇന്നത്തെ അവസ്ഥയില്‍ പാസാകാനാണ് സാധ്യതയുള്ളത്. അതിനുള്ള സാഹചര്യം ഉണ്ടായാല്‍ പ്രസിഡന്റ് അടക്കമുള്ള അഞ്ച് പേരും ഭരണസമിതിയില്‍ നിന്ന് രാജിവെക്കുമെന്നും സൂചനയുണ്ട്. ഇവര്‍ രാജിവച്ചാലും ഭരണസമിതി ഭൂരിപക്ഷത്തോടെ തുടരാനുള്ള സാധ്യതയാണുള്ളത്. രണ്ടര വര്‍ഷമായപ്പോള്‍ സ്ഥാനം ഒഴിയാന്‍ പ്രസിഡന്റ് ജോഷി പെരേപ്പാടന്‍ താല്‍പ്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് നോട്ടീസ് നല്‍കിയവര്‍ പറയുന്നത്. ബാങ്കില്‍ സ്വന്തം പേരിലും ജമ്യത്തിലും കുടിശ്ശിക ഉള്ള ഭരണസമിതി അംഗങ്ങള്‍ക്കെതിരേ നിയമനടപടികള്‍ തുടങ്ങി സ്ഥാപനം നിലനിര്‍ത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് കുടിശ്ശികക്കാര്‍ ഒന്നിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുള്ളതെന്ന് പ്രസിഡന്റ് ജോഷി പെരേപ്പാടന്‍ പറയുന്നത്.

Tags:    

Similar News