അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ പുറത്താക്കിയതിനെതിരേ പാകിസ്താനില്‍ വന്‍ പ്രതിഷേധവും റാലിയും
ഇസ് ലാമാബാദ്: ശനിയാഴ്ച രാത്രി അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ തെഹ്‌രീക്ഇ ഇന്‍സാഫ് (പിടിഐ) രാജ്യത്തെ പല നഗരങ്ങളില്‍ വന്‍ റാലികള്‍ സംഘടിപ്പിച്ചു. ഇസ് ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ഇമ്രാന്‍ അനുകൂലികള്‍ അണിനിരന്നു.
തനിക്കെതിരേ വിദേശ ഗൂഢാലോചന നടന്നെന്നും ഇത് 'സ്വാതന്ത്ര്യ സമര'ത്തിന്റെ തുടക്കമാണെന്നും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 'എല്ലായ്‌പ്പോഴും രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും സംരക്ഷിച്ചത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
'1947ല്‍ പാകിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി; എന്നാല്‍ വിദേശ ഗൂഢാലോചനയ്‌ക്കെതിരെ സ്വാതന്ത്ര്യസമരം ഇന്ന് വീണ്ടും ആരംഭിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കുന്നത് എല്ലായ്‌പ്പോഴും രാജ്യത്തെ ജനങ്ങളാണ്,' അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇസ്ലാമാബാദില്‍, സീറോ പോയിന്റില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്, മുന്‍ പ്രധാനമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും പാര്‍ട്ടിപ്പതാക വീശുകയും ചെയ്തു. പ്രതിഷേധ റാലി ശ്രീനഗര്‍ ഹൈവേയിലെ ഗതാഗതത്തെ ബാധിച്ചു.
ഇഷാ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാന്‍ തെഹ്‌രീക്ഇ ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരിയും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇമ്രാനെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന് രാജ്യത്തെ ജനങ്ങളോട് പിടിഐ ചെയര്‍മാനും ഇമ്രാന്‍ ഖാനും നന്ദി അറിയിച്ചു.