കോട്ടയം: രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന അഞ്ചുപേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കൊവിഡ് മുക്തമായി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇവരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇടുക്കി സ്വദേശിയായ യുവാവും രോഗം മാറിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി.
ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25), വടയാര്‍ സ്വദേശിയായ വ്യാപാരി(53), തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി(33), ഡല്‍ഹിയില്‍നിന്നു റോഡ് മാര്‍ഗം കോട്ടയത്തേക്കു വരുമ്പോള്‍ ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി(65), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍(56) എന്നിവരാണ് ആശുപത്രി വിട്ടത്.
വൈറസ് ബാധ ആദ്യമായി റിപോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ജില്ലയില്‍ 20 പേര്‍ രോഗവിമുക്തരായി. ഏറ്റവുമൊടുവില്‍ പരിശോധാനാ ഫലം പോസിറ്റീവായത് ഏപ്രില്‍ 27നാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 552 പേരും സെക്കന്‍ഡറി കോണ്‍ടാക്റ്റ് പട്ടികയില്‍ ഉള്‍പ്പെട്ട 599 പേരും ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.