ഉത്തരവാദിത്ത ടൂറിസം: അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ 15 ദിവസത്തിനകം തയ്യാറാക്കും
കോട്ടയം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ അഞ്ചുവര്‍ഷത്തേക്കുള്ള കര്‍മപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പദ്ധതികള്‍ സമര്‍പ്പിക്കും. രൂപരേഖ തയ്യാറാക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലയില്‍ അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതികളുടെ സമഗ്ര അവലോകനം സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ അവതരിപ്പിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പഞ്ചായത്തുകള്‍ പുതിയതായി നടപ്പാക്കേണ്ട പദ്ധതികള്‍ അവതരിപ്പിച്ചു. മറ്റ് പഞ്ചായത്തുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി വിശദീകരിച്ചു. കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര നീണ്ടൂര്‍, തലയാഴം, മറവന്‍തുരുത്ത്, കല്ലറ, കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അജയന്‍ കെ മേനോന്‍, ധന്യാ സാബു, റോസിലി ടോമിച്ചന്‍, വി കെ പ്രദീപ്, ബിനിമോന്‍, കെ ബി രമ, ജോണി തോട്ടുങ്കല്‍, സൈനമ്മ ഷാജു, ജില്ലാ പഞ്ചായത്തംഗവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ റിസോഴ്‌സ് പേഴ്‌സനുമായ ഹൈമി ബോബി, മിഷന്‍ കോര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍, മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി എസ് ഭഗത് സിങ് എന്നിവര്‍ സംസാരിച്ചു.