രണ്ടാമത് ഈരാറ്റുപേട്ട പുസ്തകോല്‍സവം 21 മുതല്‍; കൗതുകമായി പരസ്യപ്രചാരണം

പുസ്തകോല്‍സവത്തിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം കൗതുകമാവുകയാണ്. പരിസ്ഥിതി സൗഹൃദമായി ചെയ്തിരിക്കുന്ന ബോര്‍ഡുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് കേരളത്തിലെ പ്രമുഖസാഹിത്യകാരുടെ കാരിക്കേച്ചര്‍ രൂപങ്ങളാണ്.

Update: 2019-09-09 10:27 GMT

ഈരാറ്റുപേട്ട: രണ്ടാമത് ഈരാറ്റുപേട്ട പുസ്തകോല്‍സവം ഈമാസം 21 മുതല്‍ 24 വരെ ഈരാറ്റുപേട്ട പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കും. പുസ്തകോല്‍സവത്തിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം കൗതുകമാവുകയാണ്. പരിസ്ഥിതി സൗഹൃദമായി ചെയ്തിരിക്കുന്ന ബോര്‍ഡുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് കേരളത്തിലെ പ്രമുഖസാഹിത്യകാരുടെ കാരിക്കേച്ചര്‍ രൂപങ്ങളാണ്. കാരിക്കേച്ചര്‍, കാര്‍ട്ടൂണ്‍, ചുവര്‍ചിത്രരചന എന്നിവയിലൂടെ ശ്രദ്ധേയനായ നസീര്‍ കണ്ടത്തിലാണ് സാഹിത്യകാരന്‍മാരുടെ കാരിക്കേച്ചറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിലെ പ്രമുഖ പ്രസാദകര്‍ പുസ്തകോല്‍സവത്തില്‍ പങ്കെടുക്കും. ഉദ്ഘാടന ദിവസമായ 21ന് പ്രമുഖ എഴുത്തുകാരനായ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് ചങ്കന്‍, രണ്ടാം ദിവസം സന്തോഷ് ജോര്‍ജ് കുളങ്ങര, ഫൈസല്‍ എളേറ്റില്‍, മൂന്നാം ദിവസം വയലാര്‍ അവാര്‍ഡ് ജേതാവ് സജില്‍ ശ്രീധര്‍, ഗാന്ധി യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, നാലാം ദിവസം എസ് ഹരീഷ് എന്നിവരും പങ്കെടുക്കും. വിദ്യാര്‍ഥികളും വായനയും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എ എസ് സുരേഷ് കുമാര്‍ (ഡല്‍ഹി) പുസ്തക അവലോകനം, പ്രവാസി സംഗമം, കവിയരങ്ങ്, നവമാധ്യമ രചയിതാക്കളുടെ കൂട്ടായ്മ എന്നിവ സംഘടിപ്പിക്കും. പുസ്തകോല്‍സവത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷികപ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും.

ഈരാറ്റുപേട്ടക്കാരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍, ഈരാറ്റുപേട്ട ടൂറിസം വെബ്‌സൈറ്റ് എന്നിവ പ്രകാശനം ചെയ്യും. പുസ്തകോല്‍സവത്തില്‍ തേജസ് ബുക്‌സിന്റെ പ്രത്യേക സ്റ്റാളും പ്രവര്‍ത്തിക്കും. അകക്കണ്ണ്, അന്‍ഫാല്‍, സെക്കന്റ് എഡിറ്റ്, കര്‍ക്കരയെ കൊന്നതാര്, മലമടക്കിലെ പോരാളി, വ്യക്തിസമൂഹം അവകാശങ്ങള്‍, വിളക്കുമാടങ്ങള്‍, വിശ്വാസിയുടെ വഴികാട്ടി, ഹൃദയതേജസ്, മേല്‍വിലാസം നഷ്ടപ്പെട്ടവര്‍, ഫാത്വിമ, പീഡനത്തിന്റെ മനശ്ശാസ്ത്രം, രാഷ്ട്രീയം, പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങള്‍ സ്റ്റാളിലുണ്ടാവും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം ചെയര്‍മാന്‍ ഹാഷിര്‍ നദ്‌വി, ജനറല്‍ കണ്‍വീനര്‍ പി പി എം നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 

Tags:    

Similar News