സിഎഎ വിരുദ്ധ സമരം: കേസ് പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനയെന്ന് പി എം എ സലാം

Update: 2021-10-06 19:12 GMT

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം. കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചത്. ഒരു ലജ്ജയുമില്ലാതെയാണ് സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു വാഗ്ദാനം.

എന്നാല്‍, അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെയും പൗരാവകാശ പ്രവര്‍ത്തകരെയും വഞ്ചിച്ചിരിക്കുകയാണ്. സിഎഎക്കെതിരേ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഈ താല്‍പര്യമെല്ലാം കാപട്യമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം ജലരേഖയായി മാറിയിരിക്കുകയാണ്.

പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഈ കേസുകളില്‍ പ്രതികളാക്കപ്പെട്ടത്. ന്യൂനപക്ഷ ജനവിഭാഗങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.

Similar News