സിപിഎം ഓഫിസിനു ബോംബേറ്; ജില്ലാ കാര്യവാഹക് ഉള്‍പ്പെടെ രണ്ട് ആര്‍എസ്എസുകാര്‍ പിടിയില്‍
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ജില്ലാ കാര്യവാഹക് ഉള്‍പ്പെടെ രണ്ടു ആര്‍എസ്എസുകാര്‍ പിടിയില്‍.
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ജില്ലാ കാര്യവാഹക് ഉള്‍പ്പെടെ രണ്ടു ആര്‍എസ്എസുകാര്‍ പിടിയില്‍. ആര്‍എസ്എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍ പി രൂപേഷ്, നാദാപുരം സ്വദേശി ഷിജിന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തിരിച്ചറിഞ്ഞതായാണു സൂചന.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണെന്നും
കുറ്റംസമ്മതിച്ച ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നുമാണു വിവരം. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ 1.30ഓടെയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫിസായ സിഎച്ച് കണാരന്‍ മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫിസിലെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് ആക്രമണം. തിരുവനന്തപുരത്ത് ബിജെപി ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്ന സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്.