പയ്യോളി: കോട്ടക്കല്‍-തീരദേശ ഹൈവേയുടെ ഭാഗമായി കോട്ടക്കലില്‍ നിന്നു സാന്റ് ബാങ്കിലേക്ക് നിര്‍മിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ ബ്രിഡ്ജിനു കിഫ്ബിയില്‍ നിന്ന് അന്തിമ ധനാനുമതി ലഭിച്ചതായി കെ ദാസന്‍ എംഎല്‍എ അറിയിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തീരദേശത്തിലൂടെ കടന്നുപോവുന്ന തീരദേശ ഹൈവേയുടെ ഭാഗമായി ആദ്യം അനുമതിയാവുന്ന പാലമാണിത്. നിരവധി റീച്ചുകളായാണ് ഈ ഹൈവേയുടെ വിശദമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിവരുന്നത്.
കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ബ്രിഡ്ജ് അടക്കം കോട്ടക്കല്‍ മുതല്‍ മുത്തായം ബീച്ച് വരെ നീളുന്ന 16.669 കിലോമീറ്റര്‍ ദൂരത്തിന്റെ ഡിപിആര്‍ 3 റീച്ചുകളായാണ് അംഗീകാരത്തിനായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ കൊളാവിപ്പാലം മുതല്‍ കോട്ടക്കല്‍ വരെ നീളുന്ന മണ്ഡലത്തിലെ വടക്കുഭാഗത്തുള്ള അവസാന റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വേഗത്തിലാക്കാന്‍ പോവുകയാണ്. ധനാനുമതി ലഭിച്ചതിനാല്‍ നിര്‍മാണം ആരംഭിക്കുന്നതിലേക്കായി സാങ്കേതികാനുമതിക്കു വേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി കെ ദാസന്‍ എംഎല്‍എ പറഞ്ഞു. മനോഹരമായ രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 537 മീറ്ററാണ് നീളം. 15.06 മീറ്റര്‍ വീതിയുണ്ടാവും. പാലത്തിന്റെ സൈഡില്‍ ആളുകള്‍ക്ക് ഇറങ്ങി നിന്ന് അഴിമുഖത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാവും വിധമുള്ള വ്യൂവേഴ്‌സ് പോയിന്റുകളും സൈക്കിള്‍ ട്രാക്കും അടക്കുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ തീരദേശമേഖലയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
59 crore from Kifbi for the Kunjalimarakkar bridge