എസ് എസ് എല്‍ സി വിദ്യാര്‍ഥിക്കെതിരെ കേസടുത്ത നടപടി മനുഷ്യാവകാശ ലംഘനം : കെ ജലീല്‍ സഖാഫി

Update: 2025-04-03 12:46 GMT

കോഴിക്കോട്: പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയെ പോലിസ് വലിച്ചിഴച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിന് പ്രതികാരമായി മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിക്കെതിരെ കേസടുത്ത പോലിസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് കെ അബ്ദുല്‍ ജലീല്‍ സഖാഫി പറഞ്ഞു.

പുറക്കാമലയില്‍ ദിവസങ്ങളായി നടക്കുന്ന ക്വാറി വിരുദ്ധസമരം കാണാനെത്തിയതായിരുന്നു എസ്.എസ്.എല്‍.സി വിദ്യാര്‍ഥി. യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂര്‍ സ്റ്റേഷനിലെ പോലിസുകാര്‍ കുട്ടിയെ വലിച്ചിഴച്ച് പോലിസ് വാഹനത്തില്‍കൊണ്ടുപോവുകയും വാഹനത്തില്‍വെച്ചും അല്ലാതെയുമൊക്കെ കുട്ടിയ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കുട്ടിയുടെ പിതാവ് പോലിസിനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും റൂറല്‍ എസ്.പിയോട് കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പോലിസിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടാവുകയും ചെയ്തതിന് പ്രതികാരം എന്ന നിലയിലാണ് വിദ്യാര്‍ഥിക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്. മേപ്പയ്യൂര്‍ പോലിസിന്റെ ഈ കിരാത നടപടി നീതിന്യായ വ്യവസ്ഥിതിയുടെ ലംഘനവും, സ്വന്തം വീഴ്ച മറച്ചുവെക്കാന്‍ ഇരകള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹവുമാണ്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നറിയിക്കുന്നത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ വലിച്ചിഴച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച പോലിസാണ് വീണ്ടും കുട്ടിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത്. ഇരകള്‍ക്കെതിരെ പോലിസ് സ്വീകരിക്കുന്ന പ്രതികാര നടപടി അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് കെ ജലീല്‍ സഖാഫി പ്രസ്താവനിലൂടെ പറഞ്ഞു.







Tags:    

Similar News