വഖഫ്-മദ്‌റസാ വിരുദ്ധ നീക്കം; എസ്എംഎഫ്- എസ്‌കെഎംഎംഎ പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം നാളെ കോഴിക്കോട്
കോഴിക്കോട്: 'വഖഫ് - മദ്‌റസ വിരുദ്ധ നീക്കത്തിനെതിരെ, വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെ ' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും മദ്‌റസാ മാനേജ്‌മെന്റ്‌റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം നാളെ ചൊവ്വ വൈകിട്ട് 4.30 ന് കോഴിക്കോട് മുതലക്കുളത്ത് നടക്കും.
രാജ്യത്തെ പല പ്രദേശങ്ങളിലും മുസ്‌ലിം ന്യൂനപക്ഷം സകല മേഖലകളിലും പിന്നോക്കമായതിനാല്‍ അവരുടെ ഉന്നമനത്തിന് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.പി.എ ഗവണ്‍മെന്റ് അനുവദിച്ച മദ്‌റസകള്‍ (പാഠശാലകള്‍) അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. മദ്‌റസകള്‍ തീവ്രവാദത്തിന്റേയും ബോംബ് നിര്‍മ്മാണത്തിന്റേയും കേന്ദ്രങ്ങളാണെന്ന കമ്മീഷന്റെ കണ്ടെത്തല്‍ സംഘ് പരിവാറിന്റെ അജണ്ടയാണ്.മദ്‌റസകള്‍ പൂട്ടണമെന്ന് കമ്മീഷന്റെ തീരുമാനത്തിന് സുപ്രിം കോടതി സ്റ്റേ നല്‍കിയത് സ്വാഗതാര്‍ഹമാണെന്ന് എസ്എംഎഫ്- എസ്‌കെഎംഎംഎ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും. സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.