സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതി: ജില്ലയില്‍ ഏഴ് റോഡുകളും ഒരു പാലവും വരുന്നു; കോഴിക്കോട് ബീച്ച് ഇനി 'സുന്ദര തീരം'

Update: 2021-10-02 15:58 GMT

കോഴിക്കോട്: സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഏഴ് റോഡുകളും ഒരു പാലവും ജില്ലയില്‍ വരുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗാന്ധി ജയന്തി ദിനത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ നടപ്പിലാക്കിയ 'സുന്ദര തീരം 'പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസ്റ്റ് കേന്ദ്രമായ സരോവരത്തില്‍ മുകളിലൂടെയാണ് ഒരു പാലം വരുന്നത്. റോഡുകളും പാലവും വന്നുകഴിഞ്ഞാല്‍ നഗരത്തിന്റെ ചിത്രം മാറും. ഇനി വരുന്ന അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ നഗരത്തിലെ റോഡുകളുടെയും പാലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നൂറുശതമാനവും പരിപൂര്‍ണ്ണ ശ്രമം നല്‍കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

വൃത്തിയുള്ള കടല്‍ത്തീരങ്ങള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും. അത് നമ്മുടെ നാടിനെക്കുറിച്ച് നല്ല അനുഭവം സഞ്ചാരികളില്‍ ഉളവാക്കുമെന്ന് മന്ത്രി പറഞ്ഞു. തെരുവുകള്‍ രാത്രി കാലങ്ങളില്‍ ഫുഡ് സ്ട്രീറ്റ് ആക്കി മാറ്റുന്ന പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കും. സഞ്ചാരികള്‍ക്ക് കോഴിക്കോടിന്റെ വ്യത്യസ്ത ഭക്ഷണങ്ങള്‍ രുചിച്ച് നോക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം. അതിനോടൊപ്പം തന്നെ കാലപ്പഴക്കം ചെന്ന പാലങ്ങള്‍ വിദേശ രാജ്യങ്ങളിലുള്ളതുപോലെ മനോഹരമായ ആര്‍ക്കിടെക്ചര്‍ വര്‍ക്കുകള്‍ നടത്തി ഭക്ഷണം കഴിക്കുന്ന കേന്ദ്രമാക്കിമാറ്റുന്ന പദ്ധതിയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ബേപ്പൂര്‍ മുതല്‍ എലത്തൂര്‍ വരെ 23 കിലോമീറ്റര്‍ കടല്‍തീരമാണ് പൊതുജന പങ്കാളിത്തത്തോടെ വൃത്തിയാക്കിയത്. 3000 ത്തോളം പേരാണ് ഈ ജനകീയ കൂട്ടായ്മയുടെ ഭാഗമായത്. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ജനകീയ ശുചിത്വ വാരാഘോഷം നടക്കുക. നാളെ വാര്‍ഡ് തലത്തില്‍ ശുചീകരണവും നാലിന് ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ അഞ്ചിന് മാനാഞ്ചിറ, മറ്റ് പാര്‍ക്കുകള്‍ ആറിന് ദേശീയ പാത, ഏഴിന് പൊതു ശൗചാലയങ്ങള്‍, ആശുപത്രി, എട്ടിന് സ്‌കൂളുകള്‍ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തും.

കടല്‍ തീരം സോണല്‍ ഒന്ന് (ബേപ്പൂര്‍ സോണല്‍ തീരദേശ ഭാഗം), സോണല്‍ രണ്ട് (കോയവളപ്പ് മുതല്‍ കൊതി വരെ), സോണല്‍ മൂന്ന് (കോതി മുതല്‍ കോര്‍പറേഷന്‍ ഓഫിസ് വരെ), സോണല്‍ നാല് (കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ ഗാന്ധി റോഡ് വരെ), സോണല്‍ അഞ്ച് (ഗാന്ധി റോഡ് മുതല്‍ മുതല്‍ ഭട്ട് റോഡ് വരെ), സോണല്‍ ആറ് (ബട്ട് റോഡ് മുതല്‍ പുതിയാപ്പ ടീച്ചേഴ്‌സ് സ്‌റ്റോപ്പ് വരെ), സോണല്‍ ഏഴ് (പുതിയാപ്പ ടീച്ചര്‍ സ്‌റ്റോപ്പ് മുതല്‍ ഏലത്തൂര്‍ വരെ), എന്നിങ്ങനെ ഏഴുസെക്ടറുകളായി തിരിച്ചാണ് ശുചീകരിച്ചത്.

സന്നദ്ധസംഘടനകള്‍, യുവജന സംഘടനകള്‍, ജീവനക്കാര്‍ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,പോലീസ്, ഫയര്‍ഫോഴ്‌സ്, കുടുംബശ്രീ ഹരിതകര്‍മസേന, റസിസന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ പങ്കാളികളായി. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ് ജയശ്രീ, നികുതി അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍, അഡീഷനല്‍ സെക്രടറി സജി, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഓഫിസര്‍ ഡോ. മിലു മോഹന്‍ദാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഷജില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News