ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 40 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഉയര്‍ന്നേക്കും

മോര്‍ബിയിലാണ് കേബിള്‍ പാലം തകര്‍ന്നത്. അപകടസമയത്ത് 500ഓളം പേര്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൂറോളം പേരെ കാണാതായിട്ടുണ്ട്.

Update: 2022-10-30 15:49 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 40 പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

മോര്‍ബിയിലാണ് കേബിള്‍ പാലം തകര്‍ന്നത്. അപകടസമയത്ത് 500ഓളം പേര്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൂറോളം പേരെ കാണാതായിട്ടുണ്ട്.

ഗുജറാത്തിലെ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലമാണ് ഞായറാഴ്ച വൈകീട്ട് തകര്‍ന്നത്. ഏറെ പഴക്കമുള്ള പാലമാണ് അപകടത്തില്‍ തകര്‍ന്നത്. അഞ്ചുദിവസം മുന്‍പ് അറ്റകുറ്റപണികള്‍ കഴിഞ്ഞ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതായിരുന്നു. ഇതിനുശേഷം വന്‍ തോതില്‍ സന്ദര്‍ശകര്‍ എത്തിയിരുന്നു.

പാലം തകര്‍ന്ന് നൂറുകണക്കിനുപേര്‍ പുഴയില്‍ വീണിരുന്നു. അപകടത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സും ആംബുലന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേര്‍ പുഴയില്‍ മുങ്ങിയിട്ടുണ്ട്. കാണാതായവര്‍ നിരവധിയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പാലത്തിന്റെ കൈവരിയില്‍ തൂങ്ങിനിന്നതിനാലാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൂറു വര്‍ഷത്തോളം പഴക്കമുള്ള പാലം നവീകരിച്ച് ഈമാസം 26നാണ് ജില്ല ഭരണകൂടം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഇരുസര്‍ക്കാറുകളും അര ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളാണ് പാലത്തില്‍ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.

Tags:    

Similar News