നാദാപുരത്ത് രണ്ടുകുടുംബങ്ങള്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചാരണം; പോലിസില്‍ പരാതി

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു

Update: 2020-06-01 05:58 GMT

നാദാപുരം: മേഖലയിലെ രണ്ടുകുടുംബങ്ങള്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചാരണം നടത്തുന്നതായി പോലിസില്‍ പരാതി. വിദേശത്തുനിന്നെത്തിയ കുടുംബത്തിലെ കുഞ്ഞിനും വളയം മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളിക്കും കൊവിഡ് ബാധിച്ചെന്നാണ് പ്രചാരണം നടക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങള്‍ പോലിസില്‍ പരാതി നല്‍കി.

    മെയ് 22ന് അബൂദബിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ കുടുംബം എട്ടു ദിവസമായി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചെറുമോത്തെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. എന്നാല്‍, കുടുംബത്തിലെ ഒരു കുട്ടിക്ക് കൊവിഡുണ്ടെന്ന പ്രചാരണം കാരണം സമീപവാസി ഇവര്‍ക്ക് പശുവിന്‍ പാല്‍ നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സിഐയ്ക്കു പരാതി നല്‍കിയിട്ടുണ്ട്.

    തൂണേരി സ്വദേശിയായ മല്‍സ്യവ്യാപാരിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന വളയത്തെ മല്‍സ്യത്തൊഴിലാളിക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ മകള്‍ വളയം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം വരുന്നതിനു മുമ്പാണ് പ്രചാരണമെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.


Tags:    

Similar News