തീരദേശ മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; പ്രതിരോധം കടുപ്പിച്ച് കോഴിക്കോട് ജില്ലാഭരണകൂടം

Update: 2020-10-15 10:10 GMT

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ തീരദേശ മേഖലകളില്‍ പ്രതിരോധ സംവിധാനം കടുപ്പിച്ച് ജില്ലാഭരണകൂടം. തീരദേശ മേഖലകളിലെ വില്ലേജുകളെ പ്രത്യേക മേഖലകളായി തിരിച്ച് കൊവിഡ് വ്യാപനത്തിന് തടയിടാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തീരദേശ മേഖലകളിലെ ജനങ്ങളില്‍ കൊവിഡ് ബോധവത്കരണം ഊര്‍ജ്ജിതമാക്കും. കോവിഡ് പ്രോട്ടോകോള്‍, രോഗം സംബന്ധിച്ച അറിവുകള്‍, സാമൂഹിക അകലം, എസ്എംഎസ് സംവിധാനം,ബ്രേക്ക് ദി ചെയിന്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ജനങ്ങളിലെത്തിക്കും.

വാര്‍ഡ് ആര്‍ആര്‍ടികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം അംഗങ്ങള്‍, അംഗനവാടി വര്‍ക്കേഴ്‌സ്, ഹെല്‍പ്പര്‍മാര്‍ മുഖേന ഓരോ വീടുകളിലും എത്തി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൈമാറുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും. പ്രത്യേകം ശ്രദ്ധ നല്‍കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കായി കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കും. ഫിഷ് ലാന്റിങ് സെന്റര്‍, ഹാര്‍ബറുകള്‍, ജനവാസമേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബോധവല്‍കരണത്തിനായി വീഡിയോകളും മറ്റും പുറത്തിറക്കും. പ്രദേശങ്ങളില്‍ മൈക്ക് അനോണ്‍സ്‌മെന്റ് ഉണ്ടായിരിക്കും.

കൊവിഡ് ബോധവല്‍കരണം വ്യാപിപ്പിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കാംപെയ്ന്‍ നടപ്പാക്കും. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് ഫിഷറീസ്, ഫിഷറീസ് കോപ്പറേറ്റിവ് സൊസൈറ്റി എന്നിവ ഇതിന്റെ ഭാഗമാവും. കടലോര ജാഗ്രതാ സമിതികള്‍, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ ആരംഭിച്ച് ബോധവല്‍കരണ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കും.

പ്രദേശങ്ങളില്‍ അണുനശീകരണം നടത്തും. കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി വിപുലമായി ജാഗ്രതാസമിതി രൂപീകരിക്കും. വാര്‍ഡ്തല ആര്‍ആര്‍ടിയും ജാഗ്രതാ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഈ മേഖലയില്‍ പ്രവവര്‍ത്തിക്കും. തീരദേശമേഖലയില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്ക് പോക്ഷകാഹാരം നല്‍കി വരുന്നത് തുടരും. കൂടുതല്‍ ശ്രദ്ധനല്‍കേണ്ട ആളുകള്‍ക്ക് ഭക്ഷ്യകിറ്റ്, മരുന്നുകള്‍ എന്നിവ എത്തിച്ചു നല്‍കും.

മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പോക്ഷകാഹാരം പുറത്തുനിന്നുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മുഖേന നല്‍കാവുന്നതാണെന്ന് തീരദേശ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി കലക്ടര്‍ ഹിമ അറിയിച്ചു. വാര്‍ഡ് ആര്‍ആര്‍ടികള്‍ വീടുകള്‍ സന്ദര്‍ശിച്ച് കൊവിഡ് കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഈ വിവരങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശേഖരിച്ച് മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുകയും ചെയ്യും.




Similar News