ലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാട്; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് എ പി അബ്ദുസ്സമദ്
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുസ്സമദ് രാജിവച്ചു. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ- ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് പദവിയില്‍നിന്ന് രാജിവയ്ക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് അയച്ച രാജിക്കത്തില്‍ അബ്ദുസ്സമദ് വ്യക്തമാക്കി.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇതിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതൃത്വം എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.