വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികളും മാലിന്യവും; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം
വടകര: വടകര റസ്റ്റ് ഹൗസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍പരിശോധന. മന്ത്രി മുഹമ്മദ് റിയാസ് രാവിലെ 103. ഓടെയാണ് റസ്റ്റ് ഹൗസിലെത്തിയത്. പൊതു മരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിന് പുറമെ ആര്‍ഡിഒ ഓഫിസും അടങ്ങുന്നതാണ് കെട്ടിടം. പരിസരത്തുനിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും, മാലിന്യക്കൂമ്പാരവും കണ്ടെത്തി. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമായതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
പരിശോധനയുടെ ലൈവ് വീഡിയോ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു. മദ്യക്കുപ്പികള്‍ കണ്ടതോടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനോട് മന്ത്രി ദേഷ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. 'ഇത്രയധികം കുപ്പി ഇവിടെ വരാന്‍ എന്താ കാരണം. മദ്യക്കുപ്പിയല്ലേ അത്? ഇതൊന്നും അത്ര നല്ല കുപ്പി അല്ലാട്ടോ. റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്നറിയില്ലേ? എന്താ നിങ്ങള്‍ക്ക് ബാധകമല്ലേ' തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് മന്ത്രി ഉദ്യോഗസ്ഥനോട് ക്ഷുഭിതനാവുന്നതും വീഡിയോയില്‍ കാണാം.