കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജാഥ, പൊതുയോഗങ്ങള്‍ എന്നിവ നടത്തുന്നതിന് പെരുമാറ്റചട്ടങ്ങള്‍നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ വരണാധികാരിയുമായ എസ് സാംബശിവറാവു അറിയിച്ചു. യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള കോടതി നിര്‍ദ്ദേശങ്ങളും പാലിക്കണം.
രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ പൊതുയോഗം നടത്തരുത്. ജാഥയോ യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയത്ത് പൊതുയോഗം, ജാഥ എന്നിവ പാടില്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട പോലിസ് അധികാരിയില്‍ നിന്ന് ആവശ്യമായ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ലിപ്പുകള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കേണ്ടതും വോട്ടറുടെ പേര്, സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍, പോളിംഗ് സ്റ്റേഷന്റെ പേര് എന്നീ വിവരങ്ങള്‍ മാത്രം രേഖപ്പെടുത്തിയതുമാകണം. ഈ സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേരോ ചിഹ്നമോ ഫോട്ടോയോ പാടില്ല.