കോഴിക്കോട്: മാപ്പിളപ്പാട്ടിനെ തനിമയോടെ നെഞ്ചേറ്റി ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കെ സി ചെലവൂര്‍ എന്നറിയപ്പെടുന്ന കൊടക്കാട്ട് ചോലമണ്ണില്‍ അബൂബക്കര്‍ (95) അന്തരിച്ചു. ബഹുമുഖ പ്രതിഭയായിരുന്ന കെ സി, മാപ്പിളപ്പാട്ട് രംഗത്തെ അനുഗ്രഹീത കലാകാരനായിരുന്നു. മാപ്പിളപ്പാട്ട്, കളരിയഭ്യാസം, ആധാരമെഴുത്ത് തുടങ്ങിയ മേഖലകളില്‍ മുദ്രപതിപ്പിച്ച ജീവിതം. മാപ്പിളപ്പാട്ട് സ്വയം രചിച്ചും സ്വയം ആലപിച്ചും സ്‌റ്റേജുകളിലും വയലുകളിലും കല്യാണവീടുകളിലും പാടിത്തിമിര്‍ത്ത് കൈയടികള്‍ നേടിയ ഒരു മാപ്പിളപ്പാട്ട് ഓര്‍ക്കസ്ട്ര സംഘത്തെ കെട്ടിപ്പടുത്തും ആകാശവാണിയില്‍ നീണ്ട വര്‍ഷങ്ങള്‍ മാപ്പിളപ്പാട്ടിന്റെ പ്രധാന ഗായകനായും കെ സി പ്രവര്‍ത്തിച്ചു.
എരഞ്ഞോളി മൂസ, വി എം കുട്ടി, വിളയില്‍ ഫസീല, സിബല്ല സദാനന്ദന്‍, മണ്ണൂര്‍ പ്രകാശ്, കണ്ണൂര്‍ ശരീഫ്, ഐ പി സിദ്ദീഖ്, രഹ്‌ന മൈമൂന തുടങ്ങി നിരവധി പേര്‍ കെ സിയുടെ ഗാനങ്ങള്‍ ആലപിച്ചവരാണ്. ആയിരത്തിനടുത്ത് ഗാനം അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ശേഖരത്തില്‍നിന്ന് പലതും നഷ്ടപ്പെട്ടുപോയി എന്നതാണ് സങ്കടകരം. കെ സിയുടെ ഒരോ പാട്ടും ഒന്നിനൊന്ന് മികച്ചതും, അക്കാലത്തെ രാഷ്ടീയ, സാമൂഹികരംഗത്തിന്റെ നേര്‍സാക്ഷ്യവുമാണ്. മാപ്പിളപ്പാട്ട് രംഗത്ത് ക്ലാസിക്കല്‍ യുഗത്തിനും (മോയിന്‍കുട്ടി വൈദ്യര്‍ കാലം) കാമ്പ് നഷ്ടപ്പെട്ട തട്ടുപൊളിപ്പന്‍ ആധുനിക പാട്ടുകള്‍ക്കും ഇടയില്‍ ഒരു പരിവര്‍ത്തനഘട്ടത്തിന് വേണ്ടി പാട്ടിനാല്‍ ചൂട്ടുകെട്ടി, ചൂട്ടിന്റെ വെളിച്ചം പാട്ടിലൂടെ പകര്‍ന്ന കുലപതിയാണ് കെസി.
എന്നും മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന അഹദായ തമ്പുരാന്‍, ആദ്യം പടച്ചുള്ള, അമ്പിയ രാജ മുഹമ്മദെ, കാത്തിട് റഹ്മാനെ, മാപ്പരുളുന്നോനെ, ആലം പതിനൊന്നായിരം പോറ്റിവളര്‍ത്തും റഹ്മാനെ, ആസിയബി മര്‍യം ചൂടി, അമ്പിയാക്കളില്‍ താജൊളിവായവ എന്നിവ ശ്രദ്ധേയമാണ്. 1926 ല്‍ പൊക്കളത്ത് ഹസ്സന്‍കുട്ടി- കൊടക്കാട്ട് ബീമകുട്ടി എന്നിവരുടെ മകനായി ജനനം. ഫാത്തിമാബി, സുഹറാബി എന്നിവരാണ് പത്‌നിമാര്‍.
വിദ്യാഭ്യാസപ്രവര്‍ത്തകനും എറണാകുളം ചേരാനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫസല്‍, മര്‍കസ് നോളജ് സിറ്റി മുന്‍ എക്‌സി. ഡയറക്ടറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അമീര്‍ ഹസന്‍ (ആസ്‌ത്രേലിയ), ബല്‍കീസ് എന്നിവരാണ് മക്കള്‍. 1960 മുതല്‍ 2000 വരെയാണ് ഗാനരംഗത്തെ സുവര്‍ണ കാലം. കാസര്‍കോട് കവി ഉബൈദ് ട്രോഫി (1978) 2013 ല്‍ മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ്, 2014ല്‍ അമാനുല്ലാ ഖാന്‍ കാനഡയുടെ പുരസ്‌കാരം, ചെലവൂര്‍ വോഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. ഐപിഎച്ച്എന്‍ സൈക്ലോപീഡിയ കെസിയെക്കുറിച്ച് ജീവിത രേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചെലവൂര്‍ ജുമാ മസ്ജിദില്‍.