കോഴിക്കോട്: ഒബിസി സംവരണം, ക്രീമിലെയര്‍ വ്യവസ്ഥ, മുന്നാക്ക സാമ്പത്തികസംവരണം എന്നിവ സംബന്ധിച്ച ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും ടേംസ് ഓഫ് റഫറന്‍സില്‍ നിന്നും വ്യതിചലിച്ചുള്ള അമിതാധികാര പ്രയോഗമാണെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. അലി. സംവരണവും ക്രീമിലെയര്‍ മാനദണ്ഡങ്ങളും വരുമാന പരിധിയും സംബന്ധിച്ചുള്ള സുപ്രിംകോടതി വിധികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കടകവിരുദ്ധമാണ് ശമ്പള കമ്മീഷന്റെ അന്തിമ റിപോര്‍ട്ട്.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിന്യായങ്ങള്‍ക്കും വിരുദ്ധമായ റിപോര്‍ട്ട് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനും ചുമതലകള്‍ക്കും ഉപരിയാണെന്ന് വ്യക്തമാണ്. ഭരണഘടനാ താല്‍പര്യങ്ങള്‍ക്കെതിരായ റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും മെക്ക ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
അഞ്ചേകാര്‍ ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ എന്ന മുന്‍വിധിയും തെറ്റായ ധാരണയോടെയാണ് റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. അരക്കോടിയോളം അഭ്യസ്തവിദ്യരായ യുവാക്കളുള്ള സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ അപ്രായോഗികവും സങ്കീര്‍ണമാക്കുന്നതുമാണ് റിപോര്‍ട്ട്. സംസ്ഥാനത്തെ യുവാക്കളോടുള്ള വെല്ലുവിളിയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദോഷകരവുമായ റിപോര്‍ട്ട് നിരാകരിക്കണമെന്നാണ് മെക്കയുടെ ആവശ്യമെന്നും അലി കൂട്ടിച്ചേര്‍ത്തു.