വടകര: പേരാമ്പ്ര പള്ളിക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയവും നേതൃത്വത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി.
സിപിഎം പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വര്‍ഗീയ ലക്ഷ്യത്തോട് കൂടിയുള്ള അക്രമത്തെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം. തുടക്കത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ എന്നിവരുടെ നടപടി ശ്ലാഖനീയമാണ്. എന്നാല്‍, പ്രതികളെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നതായുള്ള സൂചന നല്‍കുന്നതാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പുതിയ പ്രസ്താവന. കല്ലേറില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നുമുള്ള തരത്തിലാണ് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന.
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ആര്‍എസ്എസ് മനസ്സോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തകരെ തിരിച്ചറിയാനും മാറ്റി നിര്‍ത്താനും സിപിഎം തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. സംഘര്‍ഷാന്തരീക്ഷം മുതലെടുത്ത് വര്‍ഗീയത ഇളക്കിവിടാനുള്ള ചിലരുടെ ശ്രമത്തിനെതിരേ ശക്തമായ നടപടി സ്വികരിച്ച പേരാമ്പ്ര പോലിസ് അധികാരികളെ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നത് വരെ ഈ ജാഗ്രത തുടരണമെന്നും പ്രസതാവനയില്‍ ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് സി എ ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി നാസര്‍, കെ പി മുഹമ്മദ് അഷ്‌റഫ്, പി സി അഷ്‌റഫ് സംസാരിച്ചു.