സമൂഹത്തിന്റെ ധാര്‍മികാരോഗ്യം തകരുമ്പോഴാണ് അരാജകത്വം വര്‍ധിക്കുന്നത്: കാന്തപുരം

Update: 2021-07-09 18:20 GMT

കോഴിക്കോട്: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ, അരാജകപ്രവണതകളുടെ കാരണം സമൂഹത്തിന്റെ ധാര്‍മികാരോഗ്യം തകര്‍ന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രഫഷനല്‍ വിദ്യാര്‍ഥികളുടെ കോണ്‍ഫറന്‍സായ പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുമാസം മുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും സ്ത്രീധന മരണങ്ങള്‍ വര്‍ധിക്കുന്നതും ക്വട്ടേഷന്‍ സംഘങ്ങള്‍ പെരുകുന്നതുമെല്ലാം സമൂഹത്തിന്റെ ധാര്‍മിക ശോഷണത്തിന്റെ സൂചനകളാണ്.

സമൂഹത്തിന്റെ ധാര്‍മികവത്കരണമാണ് ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിന് മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. പുതിയ തലമുറയെ നേരിന്റെയും നന്‍മയുടെയും പാതയില്‍ വഴി നടത്താനുള്ള പരിശ്രമങ്ങള്‍ നിരന്തരം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലായി നടക്കുന്ന പ്രൊഫ്‌സമ്മിറ്റില്‍ എസ്എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു.

ആഗോള മുസ്‌ലിം പണ്ഡിതന്‍ ശൈഖ് ഹംസ യൂസുഫ് മുഖ്യാതിഥിയായിരുന്നു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി എന്‍ ജഅഫര്‍ സാദിഖ്, ഹാമിദലി സഖാഫി പാലാഴി, സി എം സാബിര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രൊഫ്‌സമ്മിറ്റില്‍ രാജ്യത്തെ വിവിധ പ്രഫഷനല്‍ കാംപസുകളില്‍നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മതം, രാഷ്ട്രീയം, സാമൂഹികം, പഠനം, കരിയര്‍, കല തുടങ്ങി വിവിധ സെഷനുകള്‍ക്ക് പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും നേതൃത്വം നല്‍കും.

Tags:    

Similar News