കോഴിക്കോട്: ഭാഷയ്ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് അപകടകരമാണെന്നും അത് സമൂഹങ്ങളെ പരസ്പരം അകറ്റാന്‍ കാരണമാവുമെന്നും അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷകള്‍ വ്യത്യസ്ത സംസ്‌കാരങ്ങളാണ് പകര്‍ന്ന് തരുന്നത്. മാനവ സംസ്‌കൃതിയുടെ അടിസ്ഥാന സ്രോതസായ ഭാഷകളെ കലാലയങ്ങളില്‍ നിന്ന് അകറ്റാനുറച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങളെ ജീവന്‍ നല്‍കി സംരക്ഷിച്ചത് ഭാഷാസമരത്തിലൂടെയാണ്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിനെ ഇല്ലായ്മ ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ മുഖ്യാതിഥിയായി. അഡ്വ. ഫൈസല്‍ ബാബു ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. എം സലാഹുദ്ദീന്‍ മദനി, കെ മോയിന്‍ കുട്ടി, എ മുഹമ്മദ്, ഇബ്രാഹീം മുതൂര്‍, എം വി അലിക്കുട്ടി, ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ ലത്തീഫ് സംസാരിച്ചു.
Setting boundaries for language is Danger: Samadani