അഷ്‌റഫ് മലൈബാരി അറിവിന്റെ സാഗരം: സമദാനി

വിശുദ്ധ ഖുര്‍ആന്റെ ആശയപ്രചാരണത്തിനും സാംസ്‌കാരിക സാര്‍വലൗകികതയുടെ നിദര്‍ശനമായ നബിചര്യയുടെ പഠനത്തിനും പ്രചാരണത്തിനുമായി ആധുനികസാങ്കേതിവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനു അഷ്‌റഫ് മലൈബാരി അര്‍പ്പിച്ചുപോരുന്ന കനപ്പെട്ട സംഭാവനകളെ സമദാനി പ്രകീര്‍ത്തിച്ചു.

Update: 2021-05-04 11:28 GMT

ജിദ്ദ: തുളുനാട്ടില്‍നിന്നെത്തി വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയ്ക്കുമായി സ്വയം സമര്‍പ്പിച്ച് അര നൂറ്റാണ്ടായി പ്രവാചക നഗരിയില്‍ വിജ്ഞാന വിസ്മയം തീര്‍ക്കുന്ന ഡോ. മുഹമ്മദ് അഷ്‌റഫ് അലി മലൈബാരി ഖുര്‍ആന്‍-ഹദീസ് വിജ്ഞാനീയങ്ങളുടെ സാഗരമാണെന്ന് നിയുക്ത എംപി അബ്ദുസ്സമദ് സമദാനി. ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന്റെ റമദാന്‍ ടോക്ക്‌സ് സീസണ്‍ രണ്ടിലെ പ്രഥമസെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുര്‍ആന്റെ ആശയപ്രചാരണത്തിനും സാംസ്‌കാരിക സാര്‍വലൗകികതയുടെ നിദര്‍ശനമായ നബിചര്യയുടെ പഠനത്തിനും പ്രചാരണത്തിനുമായി ആധുനികസാങ്കേതിവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനു അഷ്‌റഫ് മലൈബാരി അര്‍പ്പിച്ചുപോരുന്ന കനപ്പെട്ട സംഭാവനകളെ സമദാനി പ്രകീര്‍ത്തിച്ചു.

പണ്ഡിതനെ ആദരിക്കുന്നത് വിജ്ഞാനത്തെ ബഹുമാനിക്കലും അറിവിന്റെ പദവി ഉയര്‍ത്തലുമാണെന്ന്, ഒരാളെ അല്ലാഹു അനുഗ്രഹിക്കാനും ആദരിക്കാനും തീരുമാനിച്ചാല്‍, ദീനില്‍ വിജ്ഞനാക്കുമെന്ന പ്രവാചകവചനം ഉദ്ധരിച്ച് സമദാനി സമര്‍ഥിച്ചു. ഒരാളുടെ ഉയര്‍ച്ചയുടെ മാനദണ്ഡം അറിവാണ്. ഈ ലോകത്ത് ഭക്ഷണവും അധികാരവും മറ്റ് ഭൗതികസൗകര്യങ്ങളുമെല്ലാം മടുക്കും. എന്നാല്‍ ഒരിക്കലും മടുക്കാത്തതും എന്നെന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതും അറിവാണ്. അഭിമാനവും അന്തസ്സും പ്രതാപവും ഔന്നത്യവുമെല്ലാം അറിവിനെ ആശ്രയിച്ചാണ്. ഇല്‍മും അമലും തമ്മിലെ ബന്ധം വളരെ ഗാഢവും പരസ്പരപൂരകങ്ങളുമാണ്.

നന്മ എടുത്തുപറയുന്നതിനെ മുഖസ്തുതിയായി കാണുന്നത് സാമൂഹികവ്യാധിയായി മാറിയിരിക്കുന്ന വര്‍ത്തമാനകാലത്ത്, മലൈബാരിയെ പോലുള്ള മഹാ പണ്ഡിതന്മാരെ ആദരിക്കല്‍ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണ്. മലൈബാരിയുടെ മഹിതജീവിതം അടയാളപ്പെടുത്താന്‍ ജിജിഐ മുന്‍കൈയെടുത്തതിനെ പ്രകീര്‍ത്തിച്ച സമദാനി അദ്ദേഹവുമായുള്ള ഊഷ്മളബന്ധത്തിന്റെ ഹൃദ്യാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.

1972 ല്‍ കാസര്‍കോട്ടുനിന്നെത്തി മദീനയില്‍ സ്ഥിരതാമസമാക്കി ഖുര്‍ആന്‍, ഹദീസ് വിജ്ഞാനീയങ്ങളുടെ ഗവേഷണ, പ്രചാരണരംഗങ്ങളില്‍ അര്‍പ്പിച്ച സേവനപ്രവര്‍ത്തനങ്ങള്‍ മലൈബാരി വിശദീകരിച്ചു. 'ജ്ഞാന നഭസ്സിലെ മദീനാ താരകം,' 'വഴിയും വെളിച്ചവും' എന്നീ ശീര്‍ഷകങ്ങളില്‍ നടന്ന ദ്വിദിന സൂം സെഷനില്‍ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു.

മുന്‍പ്രവാസി പ്രമുഖന്‍ അബ്ദുസ്സത്താര്‍ എന്‍ജിനീയര്‍, ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, ട്രഷറര്‍ പി.വി. ഹസന്‍ സിദ്ദീഖ് ബാബു, സെക്രട്ടറി കബീര്‍ കൊണ്ടോട്ടി സംസാരിച്ചു. ഇബ്രാഹിം ശംനാടും സഹല്‍ കാളമ്പ്രാട്ടിലും ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.

ഒരു വ്യാഴവട്ടക്കാലത്തെ മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പഠനകാലത്ത് റാങ്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ മലൈബാരി, യൂനിവേഴ്‌സിറ്റിയിലെ ഹദീസ് പഠനകേന്ദ്രത്തില്‍ 20 വര്‍ഷവും കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സിലെ ഏഷ്യന്‍ വിഭാഗം തലവനായി 12 വര്‍ഷവും സേവനമനുഷ്ഠിച്ചു. മദീനയിലെ അബൂദര്‍റ് മസ്ജിദ് കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി മതപ്രഭാഷണം നടത്തിവരുന്ന മലൈബാരി, നിരവധി അറബി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

Tags:    

Similar News