വിലങ്ങാട്ട് ഉരുള്‍പൊട്ടല്‍: സര്‍ക്കാര്‍ നഷ്ടപരിഹാരം വേഗത്തിലാക്കണം-മുസ്തഫ കൊമ്മേരി

Update: 2024-08-02 11:36 GMT

കോഴിക്കോട്: ജില്ലയില്‍ വിലങ്ങാട്ട് തുടര്‍ച്ചയായി രണ്ടുതവണ ഉരുള്‍ പൊട്ടുകയും ദുരിതാശ്വാസ പ്രവര്‍ത്തകന്‍ മാത്യു മാസ്റ്ററെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത സാഹചര്യം അതീവ ഗൗരവത്തിലെടുത്ത് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് എസ്ഡി പിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ദുരന്തമേഖലയും ദുരിതാശ്വാസ ക്യാംപുകളും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷംസീര്‍ ചോമ്പാല, ഷറഫുദ്ദീന്‍ വടകര, കെ കെ നാസര്‍ പേരോട്, നാദാപുരം മണ്ഡലം പ്രസിഡന്റ് ജെ പി അബൂബക്കര്‍, സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, സി കെ റഹീം, സി കെ സുബൈര്‍, ടി വി ഹമീദ്, സയ്യിദ് ഹുസയ്ന്‍ തങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു

അതീവ സാഹചര്യം മുന്‍കൂട്ടി മനസ്സിലാക്കി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ മാത്രമാണ് നൂറ് കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് സര്‍വതും നഷ്ടപ്പെട്ടിരിക്കുകയാണ്. വീണ്ടും നിരവധി കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നാട് ഒന്നിച്ച് നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു എന്നുള്ളത് ആശ്വാസകരമാണ്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ദുരന്തത്തിന് ഇരയായവര്‍ക്ക് പുനരധിവാസത്തിന് ആവശ്യമായ തുകയും സംവിധാനങ്ങളും എത്രയും വേഗം എത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മാത്യു മാസ്റ്റര്‍ക്ക് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News