മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് മലപ്പുറത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: മലപ്പുറത്ത് മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് - കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഇവര്‍ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
വലിയ രീതിയില്‍ യന്ത്രത്തില്‍ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ പോലിസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി ഹിബ.