റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബസ് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ പത്തനാപുരം പള്ളിപ്പടിക്കു സമീപം റോഡരികില്‍ കെഎല്‍ 04 ടി 1544 നമ്പര്‍ ബസ്സ് മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
അരീക്കോട്: റോഡരികിലും പോലിസ് സ്‌റ്റേഷനുകള്‍ക്ക് സമീപവും തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയായിട്ടില്ല എന്നതിന്റെ തെളിവാണ് പൊതുനിരത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ പത്തനാപുരം പള്ളിപ്പടിക്കു സമീപം റോഡരികില്‍ കെഎല്‍ 04 ടി 1544 നമ്പര്‍ ബസ്സ് മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്ത കൂട്ടത്തില്‍ പ്രസ്തുത വാഹനവുംനീക്കം ചെയ്യുമെന്നാണ് കരുതിയതെങ്കിലും എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍പോലും തുടര്‍നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിച്ചതിന്റെ പ്രതീകമാണ് പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട ഈ ബസ്സെന്ന് അരീക്കോട് മേഖലറോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ ചൂണ്ടി കാട്ടി. പാതയോരത്ത് നിന്ന് ബസ് നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ബസ് ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കുകയും പൊതു സ്ഥലത്ത് നിന്നു ബസ് മാറ്റണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു .