ഭര്‍തൃസഹോദരന്‍ വീടിന്റെ മേല്‍ക്കൂര തകര്‍ത്തു; മഴയത്ത് യുവതിയെയും കുട്ടികളെയും വീട്ടില്‍നിന്നിറക്കാന്‍ ശ്രമം

Update: 2023-07-04 16:07 GMT

മലപ്പുറം: കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് യുവതിയെയും മക്കളെയും ഇറക്കിവിടാന്‍ നീക്കം.


പരപ്പനങ്ങാടി പുത്തരിക്കല്‍ താമസിക്കുന്ന അന്നേന്‍കാട് സുബൈദ(45)യും മൂന്ന് കുട്ടികളും താമസിക്കുന്ന ഓടിട്ട വീടിന്റെ മേല്‍ക്കുരയാണ് ഭര്‍തൃസഹോദരന്‍ തകര്‍ത്തത്. കാലങ്ങളായി ഇവര്‍ താമസിക്കുന്ന വീടിനെ ചൊല്ലി അവകാശത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുബൈദയുടെ ഭര്‍ത്താവ് അബ്ബാസിന്റെ കുടുംബവീടാണിത്. അബ്ബാസ് വിദേശത്താണ്. രണ്ട് ചെറിയ ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും താമസിക്കുന്ന വീട്ടിലല്‍ ഇന്നലെ രാത്രി ഭര്‍തൃസഹോദരന്‍ ഷാജഹാന്‍ എത്തി മേല്‍ക്കുരയില്‍ കയറി മുഴുവന്‍ ഓടുകളും തകര്‍ത്ത് വലിച്ചെറിഞ്ഞെന്നാണ് പരാതി.


ദിവസങ്ങള്‍ക്ക് മുമ്പ് പരിസരവാസികള്‍ സഹായിച്ചതിനെ തുടര്‍ന്ന് പഴയ ഓടുകള്‍ പാകിയെടുത്തത്. കുടുംബ സ്വത്തായ വീട് ഇവര്‍ അറ്റകുറ്റപ്പണി നടത്തിയതാണ് ഭര്‍തൃസഹോദരനെ ചൊടിപ്പിച്ചതെന്നാണ് പരാതി. ഓടുകള്‍ പൂര്‍ണമായും തകര്‍ത്തതോടെ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും പൂര്‍ണമായി നശിച്ചിട്ടുണ്ട്. മഴവെള്ളം വീട്ടിലേക്ക് ഒലിച്ചിറങ്ങിയതോടെ രാത്രിയിലും ഉറങ്ങാതെ വെള്ളം പുറത്തേക്ക് തൂകി ഒഴുക്കേണ്ടി വന്നതായി വീട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ താര്‍പ്പായ വലിച്ച് കെട്ടിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലിസ് കേസെടുത്ത് അന്വേണം തുടങ്ങി.





Tags:    

Similar News