ലോക്ക്ഡൗണ്‍ ലംഘിച്ച് കാളപ്പൂട്ട് മല്‍സരം; വിവാദമായപ്പോള്‍ പോലിസ് കേസെടുത്തു

Update: 2021-07-01 11:40 GMT

പരപ്പനങ്ങാടി: കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കാളപ്പുട്ട് മല്‍സരം നടന്ന സംഭവം വിവാദമായതോടെ പോലിസ് കേസെടുത്തു. ഇന്ന് രാവിലെയാണ് പരപ്പനങ്ങാടി അറ്റത്തങ്ങാടിയില്‍ കാളപ്പൂട്ട് മല്‍സരം നടത്തിയത്. ഇക്കാര്യം വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്തതോടെയാണ് കേരള എപി ഡെമിക്ക് ഓര്‍ഡിനന്‍സ് പ്രകാരം കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരേ പരപ്പനങ്ങാടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സാംക്രമിക രോഗം പകരുമെന്ന അറിവോടെ കാളപ്പൂട്ട് നടത്തിയതിനാണ് കേസ് എന്ന് പോലിസ് അറിയിച്ചു.

ഇന്ന് അതിരാവിലെ തന്നെ നിരവധി കാളകളുമായി നിരവധി പേര്‍ പ്രദേശത്തെത്തുകയും മല്‍സരം നടത്തുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നതോടെ ജില്ലാ അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. എന്നാല്‍, കാളകളെ പരിശീലിപ്പിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. മാധ്യമങ്ങള്‍ക്ക് തെളിവായി ജൂണ്‍ മാസത്തെ നന്നമ്പ്ര മൃഗഡോക്ടറുടെ അനുമതിപത്രവും നല്‍കി. ഇന്നലെ രാത്രി തന്നെ കാളകളുമായി പ്രദേശത്ത് തമ്പടിക്കുന്നതും രാവിലെ തന്നെ മല്‍സരം നടക്കുന്നതും അധികൃതരെ വിളിച്ചറിയിച്ചിട്ടും നടപടിയുണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മല്‍സരവും കഴിഞ്ഞ് വിജയികളെ പ്രഖ്യാപിക്കുകയും കാഷ് പ്രൈസും ഏറ്റുവാങ്ങി മല്‍സരാര്‍ഥികള്‍ സ്ഥലം വിട്ട ശേഷമാണത്രേ അധികൃതര്‍ എത്തിയതും നടപടിയെടുത്തതുമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ആരാധാനലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും യാത്രകളിലും അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങളെ ആശങ്കയിലാക്കി കാളപ്പൂട്ട് മല്‍സരം നടത്തിയതാണ് വിമര്‍ശനത്തിനിടയാക്കിയത്.

Bullfighting match in violation of lock down; police registered a case

Tags:    

Similar News