കാഴ്ചപരിമിതിക്കിടയിലും ഫുള്‍ എ പ്ലസ് നേടിയ ഹാറൂണ്‍ കരീമിന് കാംപസ് ഫ്രണ്ടിന്റെ ആദരം
മലപ്പുറം: കാഴ്ചപരിമിതിയ്ക്കിടയിലും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മേലാറ്റൂരിലെ ഹാറൂണ്‍ കരീമിന് കാംപസ് ഫ്രണ്ടിന്റെ ആദരം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഖ് പേരെടുത്ത് പരാമര്‍ശിച്ച ഒരേയൊരു വിദ്യാര്‍ഥിയാണ് ഹാറൂണ്‍ കരീം. ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികള്‍ അവര്‍ക്ക് ഉതകുന്ന രീതിയില്‍ പരീക്ഷയെഴുതുമ്പോള്‍ ഹാറൂണ്‍ സാധാരണ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന അതേ രീതിയിലാണ് പരീക്ഷയെഴുതിയത്. ചോദ്യങ്ങള്‍ വായിച്ചു കേട്ട് കംപ്യൂട്ടറിന്റെ സഹായത്തോടെ ടൈപ്പ് ചെയ്യുകയായിരുന്നു. ഇതിനു വേണ്ടി സര്‍ക്കാരില്‍നിന്നു പ്രത്യേക അനുമതിയും ഹാറൂണ്‍ വാങ്ങിയിരുന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ ഷെഫീഖ് കല്ലായി, സംസ്ഥാന സമിതി അംഗം ഇസ്മായില്‍ മണ്ണാര്‍മല, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ എന്നിവര്‍ ഹാറൂണിനെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. കൊവിഡിന്റെ വെല്ലുവിളിക്കിടയിലും, വിവര സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിച്ച് ആത്മവിശ്വാസത്തിലൂടെ ലക്ഷ്യത്തിലെത്തിയ ഹാറൂണ്‍ കരീം വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ ഷെഫീഖ് കല്ലായി പറഞ്ഞു.
Campus Front tribute to Haroon Kareem, who is a full A Plus in SSLC