പയ്യന്നൂര്‍ സ്വദേശിക്ക് കൊവിഡ്; പരപ്പനങ്ങാടിയില്‍ മൂന്നുപേര്‍ നിരീക്ഷണത്തില്‍
പരപ്പനങ്ങാടി: പയ്യന്നൂരിലെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരപ്പനങ്ങാടിയില്‍ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ നിരീക്ഷണത്തില്‍. മാര്‍ച്ച് 18നു രാത്രി 10ഓടെയാണ് ഇയാള്‍ പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. വിദേശത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി അവിടുന്ന് ഓട്ടോയിലാണ് ഇദ്ദേഹം പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനു മുന്‍വശത്തുള്ള താനൂര്‍ റോഡിലെ തട്ടുകടയില്‍ നിന്നു ഭക്ഷണം കഴിച്ചു വിശ്രമിച്ച ശേഷമാണ് ഇയാള്‍ പയ്യന്നൂരിലേക്കു തീവണ്ടി കയറിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ മാസ്‌കും ഗ്ലൗസും ധരിച്ചിരുന്നതായി പറയപ്പെടുന്നു. 18നു രാത്രിയോടെ എല്ലാ വണ്ടികളും നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. 18നു രാത്രി 10നു ശേഷം പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തനി നാടന്‍ തട്ടുകടയില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും രോഗ ലക്ഷണമുള്ളവര്‍ 9447240977, 8075490208, 9037356223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.