റോഡരികിലെ മരം മുറിച്ചത് അനുമതിയില്ലാതെ; നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍

Update: 2022-04-25 10:31 GMT

അരീക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റിയത് വനം വകുപ്പിന്റെയും കിഴുപറമ്പ് പഞ്ചായത്തിന്റയും അനുമതിയില്ലാതെയാണെന്ന് ഉദ്യോഗസ്ഥര്‍. പത്തനാപുരം പള്ളിപ്പടി ഭാഗത്തെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പ്രധാന റോഡുമായി ബന്ധമില്ലാതിരുന്ന ചെറുപുഴ പാലത്തിലെ അപ്രോച്ച് റോഡിലുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്. പഞ്ചായത്ത് പ്രതിനിധി സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥന്‍, എന്‍ജിഒയുടെ കീഴിലുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍, വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടുന്ന സംഘമാണ് മരംമുറി തീരുമാനിക്കേണ്ടതും മരത്തിന് വില നിശ്ചയിക്കേണ്ടതുമെന്ന് ഡിഎഫ്ഒ വ്യകതമാക്കി.

എന്നാല്‍, ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലന്ന് കിഴുപറമ്പ് പഞ്ചായത്ത് സെക്രട്ടി വ്യക്തമാക്കി. റോഡ് നവീകരണത്തിന്റെ ഭാഗമായി പള്ളിപ്പടിയിലെ മരം മുറിച്ചുമാറ്റിയത് അനധികൃതമാണ്. ജെസിബി ഉപയോഗിച്ച് മരം മറിച്ചിട്ടതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ബസ് കാത്തിരിപ്പ് കെട്ടിടം മുഴുവനായി തകര്‍ത്ത മരംമുറിക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റോഡരികിലെ മരം അനധികൃതമായി മുറിച്ചുമാറ്റുകയും ബസ് സ്റ്റോപ്പ് തകര്‍ക്കുകയും ചെയ്ത നടപടിക്കെതിരേ എസ്ഡിപിഐ കിഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.

Tags:    

Similar News