മഞ്ചേരി: സാമൂഹിക ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും ബാലപാഠങ്ങള്‍ തങ്ങളുടെ അയല്‍ക്കാരെയും ബന്ധുക്കളെയും പഠിപ്പിക്കേണ്ടത് ഓരോ എസ്ഡിപിഐ പ്രവര്‍ത്തകന്റെയും കടമയാണെന്നും ഓരോരുത്തരും അതിന് മുന്നിട്ടിറങ്ങണമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു. തൃപ്പനച്ചിയില്‍ എസ്ഡിപിഐ പുല്‍പ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'വീട്ടൊരുമ- 21' കുടുംബസംഗമത്തില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് സംഘപരിവാരം നടപ്പാക്കുന്ന അജണ്ടകള്‍ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമുദായികബോധം താരതമ്യേന കുറവുള്ള ഹിന്ദുസമുദായംഗങ്ങളില്‍ ഹിന്ദുവികാരമുണര്‍ത്തി ഹിന്ദുത്വരാഷ്ട്രീയത്തിന് പിന്നിലവരെ അണിനിരത്തുക എന്നതാണ് സംഘപരിവാര അജണ്ട. കേരളത്തിലെ സവിശേഷമായ ജനസംഖ്യാനുപാതം കൊണ്ടും സാക്ഷരതയിലൂടെ വളര്‍ന്ന ഉയര്‍ന്ന രാഷ്ട്രീയബോധം കൊണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ഹിന്ദുത്വരാഷ്ട്രീയത്തിന് പുതിയ പ്രമേയങ്ങളിലൂടെ വേരുറപ്പിക്കാനാവുമോ എന്ന പരീക്ഷണമാണിവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം എന്ന വിഷയം പാര്‍ട്ടി മലപ്പുറം ജില്ലാ സമിതിയംഗം വി ടി ഇക്‌റാമുല്‍ ഹഖും ജീവിതത്തിന്റെ രസതന്ത്രം എന്ന വിഷയം പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ: സി എച്ച് അശ്‌റഫും അവതരിപ്പിച്ചു. വിദ്യാഭ്യാസ സാമൂഹിക മേഖലയില്‍ കഴിവുതെളിയിച്ചവരെയും പഞ്ചായത്തിലെ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി കുടുംബാംഗത്തെയും പരിപാടിയില്‍ ആദരിച്ചു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൗക്കത്തലി, സെക്രട്ടറി പി അബ്ദുല്‍ റഷീദ്, വി യൂസുഫലി എന്നിവര്‍ സംസാരിച്ചു.