അങ്ങാടിപ്പുറത്തു ഗുണ്ടാവിളയാട്ടം; നാലു പേര്‍ക്ക് പരിക്ക്, 20ഓളം പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയായിരുന്നു സംഭവം. രണ്ടു കാറിലും ബൈക്കിലുമായെത്തിയ സംഘം ഫര്‍ണിച്ചര്‍ ഷോപ്പും പലചരക്ക് കടയും അടിച്ചു തകര്‍ത്തു.

Update: 2019-03-05 06:48 GMT

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ആശാരിപ്പടിയില്‍ ഗുണ്ടാവിളയാട്ടം. ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ 20 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയായിരുന്നു സംഭവം. രണ്ടു കാറിലും ബൈക്കിലുമായെത്തിയ സംഘം ഫര്‍ണിച്ചര്‍ ഷോപ്പും പലചരക്ക് കടയും അടിച്ചു തകര്‍ത്തു. ഇതു ചോദ്യം ചെയ്യാനെത്തിയ കടയുടമ സുബിന്‍രാജിനെ ഇരുമ്പുവടികൊണ്ടും സുബിന്റെ പിതാവ് സുബ്രഹ്മണ്യനെ കല്ലും മറ്റു ആയുധങ്ങളും ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ സുബ്രഹ്മണ്യനെ ആദ്യം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും തുടര്‍ന്നു ഇഎംഎസ് ആശുപത്രിയിലേക്കും മാറ്റി. സുബിന്റെ സുഹൃത്തുക്കളായ അനൂപ്, പ്രശാന്ത് എന്നിവരെയും അക്രമികള്‍ വെറുതെ വിട്ടില്ല. അനൂപിനെ ഇരുമ്പ് വടികൊണ്ടു കണ്ണിനും കൈക്കും മാരകമായി പരിക്കേല്‍പ്പിച്ചു. ഫര്‍ണിച്ചര്‍ ഷോപ്പിലെയും പലചരക്കു കടയിലെയും ഗ്ലാസുകളും ഉല്‍പന്നങ്ങളും അടിച്ചു തകര്‍ത്തു.

കടയിലുണ്ടായിരുന്ന പണവും രണ്ടു പവന്റെ മാലയും അടിപിടിയില്‍ നഷ്ടമായി. ആളുമാറി ഉപദ്രവിച്ചതാകാമെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലിസ് 20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Similar News