പെരിന്തല്‍മണ്ണ: രാത്രിയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണ് ഖനനം നടത്തിയതില്‍ രണ്ട് ജെസിബി ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കൊളത്തൂര്‍ പോലിസ് പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ കൊളത്തൂര്‍ സിഐ പി എം ഷമീറിന്റെ നേതൃത്വത്തില്‍ നടത്തിയ മഫ്തി പട്രോളിങ്ങിലാണ് വാഹനങ്ങള്‍ പിടികൂടിയത്. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലിസ് അത്തരം ജോലിയില്‍ വ്യാപൃതമായതോടെ അനധികൃത പുഴമണല്‍, ചെമ്മണ്ണ് ഖനനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊളത്തൂര്‍ പോലിസ് പുലര്‍കാല പട്രോളിങ് നടത്തിയത്.
സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് വ്യത്യസ്ത അതിര്‍ത്തികളായ മൂര്‍ക്കനാട് പൊട്ടിക്കുഴിയില്‍നിന്നും ചട്ടിപ്പറമ്പില്‍നിന്നുമാണ് വാഹനങ്ങള്‍ പിടികൂടിയത്. പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി. കുന്തിപ്പുഴയുടെ തീരത്തുനിന്നും നടത്തുന്ന അനധികൃത പുഴ മണല്‍ഖനനം തടയാന്‍ പ്രത്യേക മഫ്ത്തി പോലിസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും കൊളത്തൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.