ഫലസ്തീന് നേരെയുള്ള ആക്രമണവും അധിനിവേശവും ഇസ്രായേല്‍ അവസാനിപ്പിക്കണം: വിസ്ഡം വിഷന്‍ 24
തിരൂര്‍: ഫലസ്തീന് നേരെയുള്ള ആക്രമണങ്ങളും അധിനിവേശവും അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ക്യാമ്പ് ''വിഷന്‍ 24' ആവശ്യപ്പെട്ടു.നിരപരാധികളായ ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി ഇസ്രായേല്‍ സ്വീകരിച്ചുവരുന്നത്. ഫലസ്തീന്‍ ജനതയുടെ സ്വാഭാവികമായ പ്രതിരോധത്തെ ഭീകരാക്രമണമായി ചിത്രീകരിച്ച് അരികുവല്‍ക്കരിക്കുന്നത് അപരാധമാണ്.നിരായുധരായ ഫലസ്തീന്‍ ജനതക്ക് മേല്‍ പതിറ്റാണ്ടുകളായി വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന ഭീകരാക്രമണം യുദ്ധരംഗത്തെ തുല്യതയില്ലാത്ത സംഭവങ്ങളാണെന്ന് 'വിഷന്‍ 24' വിലയിരുത്തി.
യുദ്ധ നടപടികളില്‍ നിന്ന് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ സമാധാന ശ്രമങ്ങളിലേക്ക് കൊണ്ടുവരാന്‍ യു.എന്‍ പരിശ്രമിക്കണം. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും അവകാശപ്പെട്ട ഭൂമി വിട്ടുകൊടുക്കുകയും ചെയ്ത് ഇസ്രായേല്‍ സമാധാന ശ്രമങ്ങള്‍ക്ക് തയ്യാറാകണം.
ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സംഭവിച്ച പരാജയം ലോകത്ത് പുതിയ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നത് നാം ഗൗരവമായി കാണണം. യുദ്ധരംഗത്തെ അന്താരാഷ്ട്ര നിയമങ്ങളും സ്വാഭാവികമായ നീതിയും വകവെച്ചു കൊടുക്കാതെയാണ് ഇസ്രായേല്‍ യുദ്ധം നയിച്ചു കൊണ്ടിരിക്കുന്നത് എന്നത് അപലപനീയമാണ്. ജനവാസ മേഖലകളിലെ ആക്രമണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ വര്‍ദ്ധിച്ച തോതിലുണ്ടെന്ന വിവരങ്ങള്‍ ആധാരമാക്കി യു.എന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും 'വിഷന്‍ 24' ആവശ്യപ്പെട്ടു. ചരിത്രാവബോധം ഇല്ലാത്തവരാണ് സ്വാര്‍ഥ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇസ്രായേലിന് പിന്തുണ നല്‍കുന്നവര്‍. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കും, വംശവെറിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും മാത്രമേ ഇസ്രായേലിനെ പിന്തുണക്കാന്‍ കഴിയുകയുള്ളൂ എന്നും 'വിഷന്‍ 24' അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ് അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടര്‍ നാസിര്‍ ബാലുശേരി, സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഹാരിസ് ബിനു സലീം, ശരീഫ് ഏലാങ്കോട്, ശമീര്‍ മദീനി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തില്‍ ജില്ലാ തലങ്ങളില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് പൂര്‍ണ രൂപം നല്‍കും.വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറ് പ്രതിനിധികള്‍ ലീഡേഴ്‌സ് ക്യാമ്പില്‍ പങ്കെടുക്കുന്നു.
നസീര്‍ നഹീല്‍ വള്ളക്കടവ് (തിരുവനന്തപുരം). നിസാര്‍ കണ്ടത്തില്‍ (കൊല്ലം), അഡ്വ: അശ്‌റഫ് (ആലപ്പുഴ), ജാബിര്‍ വി മൂസ (എറണാകുളം), ഹൈദരലി കെ എം (തൃശൂര്‍), ഹനീഫ ഓടക്കല്‍ , റഷീദ് മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ പറവണ്ണ (മലപ്പുറം), അന്‍വര്‍ സ്വലാഹി (വയനാട് ), റഷീദ് കൊടക്കാട്ട് (പാലക്കാട് ), ബഷീര്‍ കുണ്ടായിത്തോട്, ജമാല്‍ മദനി (കോഴിക്കോട്), അബ്ദുല്ലാഹ് ഫാസില്‍ (കണ്ണൂര്‍), ബഷീര്‍ കൊമ്പ നടുക്കം (കാസര്‍കോട്) പ്രസംഗിച്ചു.