മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശം ഹംഗറിയിലെ ഫെറെന്‍സ് പുസ്‌കാസ് സ്‌റ്റേഡിയത്തിലും
കൃഷ്ണന്‍ എരഞ്ഞിക്കല്‍
മലപ്പുറം: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശം ഹംഗറിയിലെ ഫെറെന്‍സ് പുസ്‌കാസ് സ്‌റ്റേഡിയത്തില്‍നിന്നുയര്‍ന്നത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. യൂറോകപ്പില്‍ പോര്‍ച്ചുഗല്‍- ഫ്രാന്‍സ് മല്‍സരത്തിനിടെ ഗാലറിയില്‍നിന്നെടുത്ത അരീക്കോട് സ്വദേശിയുടെ വീഡിയോ ആണ് വൈറലായത്. അരീക്കോട് പുത്തലം സ്വദേശി നസ്മലിനും 15 സുഹൃത്തുക്കള്‍ക്കുമാണ് മല്‍സരം നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്. 'എംബാപ്പേ, ഇങ്ങോട്ട് നോക്ക്, ഞങ്ങള്‍ അരീക്കോട്ടുകാരാണ്' എന്ന് ഫ്രാന്‍സിന്റെ യുവതാരത്തോട് ഇവര്‍ ഉറക്കെപ്പറയുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കഴിഞ്ഞദിവസം ഹംഗറിയിലെ ഫെറെന്‍സ് പുസ്‌കാസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിനിടെയുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. അരീക്കോട് പുത്തലം സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍- റുഖിയ ദമ്പതികളുടെ മകനായ നസ്മല്‍ ജോലി ചെയ്യുന്നത് മാള്‍ട്ടയിലാണ്. മല്‍സരം കാണുന്നതിനായാണ് അയല്‍ രാജ്യമായ ഹംഗറിയിലെത്തിയത്. സുഹൃത്തുക്കളോടൊപ്പം ഗാലറിയില്‍നിന്ന് പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തെ ആവേശത്തിലെത്തിക്കുകയാണ്.