സിപിഎം മഹിളാ നേതാവ് തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ പണം തട്ടിയതായി പരാതി

അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂര്‍കാട് ഇല്ലത്തുപറമ്പ് പട്ടികജാതി കോളനിയില്‍ താമസിക്കുന്ന ഇല്ലത്തുപറമ്പില്‍ ഗണപതിയുടെ ഭാര്യ ചെള്ളിച്ചിയാണ് സ്വന്തം മരുമകള്‍ നടത്തിയിട്ടുള്ള പണാപഹരണത്തെക്കുറിച്ച് ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്.

Update: 2019-11-03 13:19 GMT

പെരിന്തല്‍മണ്ണ: സിപിഎം മഹിളാ നേതാവ് തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തതായി പരാതി. അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ വില്ലേജ് മഹിളാ ഫെഡറേഷന്റെ സെക്രട്ടറിയായ രജനിക്കെതിരെയാണ് ഗുരുതരമായ പണാപഹരണ പരാതി ഉയര്‍ന്നിരിക്കുന്നത്. രജനിയുടെ ഭര്‍ത്താവിന്റെ മാതാവ് തന്നെയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂര്‍കാട് ഇല്ലത്തുപറമ്പ് പട്ടികജാതി കോളനിയില്‍ താമസിക്കുന്ന ഇല്ലത്തുപറമ്പില്‍ ഗണപതിയുടെ ഭാര്യ ചെള്ളിച്ചിയാണ് സ്വന്തം  മരുമകള്‍ നടത്തിയിട്ടുള്ള പണാപഹരണത്തെക്കുറിച്ച് ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. പരാതിക്കാരിയായ ചെള്ളിച്ചി മൂത്തമകന്‍ വാസുവിന്റെ വീട്ടിലായിരുന്നു താമസം.

വാസുവിന്റെ ഭാര്യയാണ് രജനി. വാസു 2013 ഫെബ്രുവരി 16ന് മരണപ്പെട്ടു. ചെള്ളിച്ചി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലെടുത്തിരുന്ന തൊഴിലാളിയാണ്. മകന്‍ വാസു മരണപ്പെട്ടതിനുശേഷമുള്ള മാനസികാഘാതം കാരണം പിന്നീട് തൊഴിലുറപ്പില്‍ ജോലിയില്‍ പോയില്ല. താമസം മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. വാസുവിന്റെ മരണശേഷം മരുമകള്‍ രജനിയുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് താമസം മാറാന്‍ കാരണമെന്നാണ് ചെള്ളിച്ചി പറയുന്നത്. രജനി അങ്ങാടിപ്പുറം പഞ്ചായത്ത് സിഡിഎസ് അംഗവും തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ് എന്ന തസ്തിക വഹിക്കുന്ന വ്യക്തിയുമാണ്. ചെള്ളിച്ചിക്ക് വിദ്യാഭ്യാസമില്ലാത്തതിനാല്‍ തൊഴിലുറപ്പിന്റെ രേഖകളും ബാങ്കിലെ രേഖകളും എടിഎം കാര്‍ഡുകമെല്ലാം രജനിയുടെ കൈവശമാണുണ്ടായിരുന്നത്. മരുമകളെന്ന നിലയില്‍ വിശ്വസിച്ച് ഏല്‍പ്പിച്ചതായിരുന്നു.

മകന്‍ വാസു മരണപ്പെട്ട ശേഷം തൊഴിലുറപ്പില്‍ ഇനി ജോലിക്ക് വരുന്നില്ലെന്ന് ചെളിച്ചി രജനിയെ അറിയിച്ചിരുന്നു. ഈ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരെ അറിയിച്ചിട്ടുണ്ടെന്ന് രജനി ഭര്‍തൃമാതാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. പക്ഷെ, ഈ വിവരം ഔദ്യോഗികമായി ആരെയും അറിയിക്കാതെ ചെള്ളിച്ചി ഇപ്പോഴും തൊഴില്‍ ചെയ്യുന്നതായി കൃത്രിമരേഖകളുണ്ടാക്കുകയും പ്രതിഫലം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെള്ളിച്ചിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് രജനി പണം പിന്‍വലിക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമായിരുന്നു. വളരെ വൈകിയശേഷം ആരോ സംശയം പറഞ്ഞപ്പോള്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് 45,000 രൂപ ചെള്ളിച്ചിയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചതായി കാണുന്നത്.

ചെള്ളിച്ചി ആര്‍ക്കും ചെക്ക് ഒപ്പിട്ട് കൊടുക്കുകയോ എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാന്‍ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. പണാഹരണം നടത്തിയ രജനിക്കെതിരേ നടപടിയാവശ്യപ്പെട്ട് ചെള്ളിച്ചി ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട്, എന്‍ആര്‍ഇജിഎസ് പ്രോജക്ട് ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. രജനി അങ്ങാടിപ്പുറം ഗവ: പോളി ടെക്‌നിക്കിലെ വനിതാ ഹോസ്റ്റലില്‍ വാര്‍ഡനെന്ന നിലയില്‍ ജോലിചെയ്യുന്നുണ്ട്. അത് നിലനില്‍ക്കെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ് ആയി ജോലിചെയ്യുന്നത്. മഹിളാ ഫെഡറേഷന്‍ വലമ്പൂര്‍ വില്ലേജ് സെക്രട്ടറിയും കര്‍ഷകത്തൊഴിലാളി ഫെഡറേഷന്റെ ഏരിയാ കമ്മിറ്റി അംഗവുമാണ് രജനി. 

Tags:    

Similar News