നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍വേപാത വൈദ്യുതീകരണം തകൃതി

ചീഫ് പ്രോജക്ട് ഡയറക്ടര്‍ (ചെന്നൈ സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍) ആണ് നോഡല്‍ ഏജന്‍സി. പാലക്കാട് റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് മേല്‍നോട്ട ചുമതല വഹിക്കുന്നത്.

Update: 2022-06-10 01:40 GMT

പ്രതീകാത്മക ചിത്രം

പെരിന്തല്‍മണ്ണ: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി തകൃതിയായി പുരോഗമിക്കുന്നു. ചെറുകരയില്‍നിന്നും അങ്ങാടിപുറത്തുനിന്നും രണ്ട് ഭാഗങ്ങളില്‍ നിന്നാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഒക്ടോബറില്‍ പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വൈദ്യുതി തൂണ്‍ നാട്ടലാണ് ഇപ്പോള്‍ നടക്കുന്നത്.

കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്യല്‍ 13 കിലോമീറ്റര്‍ പിന്നിട്ടു. ഇരുമ്പ് കമ്പി കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന പ്രവൃത്തിയാണ് പുരോഗമിച്ചുവരുന്നത്. 1300 തൂണുകളിലായാണ് കാന്റി ലിവര്‍ രീതിയില്‍ വൈദ്യുതിക്കമ്പികള്‍ കടന്നുപോകുക. പ്രധാന ഓഫിസുകളുടെ നിര്‍മാണം, ഫ്‌ലാറ്റ് ഫോം നവീകരണം എന്നിവക്കും തുടക്കമിട്ടു. ചീഫ് പ്രോജക്ട് ഡയറക്ടര്‍ (ചെന്നൈ സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍) ആണ് നോഡല്‍ ഏജന്‍സി. പാലക്കാട് റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് മേല്‍നോട്ട ചുമതല വഹിക്കുന്നത്.

പാതയിലെ വൈദ്യുതീകരണത്തിന് മുടങ്ങാതെ വൈദ്യുതി ലഭിക്കാന്‍ ട്രാക്ഷന്‍ സബ് സ്‌റ്റേഷന്‍ മേലാറ്റൂരില്‍ നിര്‍മിക്കും. കെഎസ്ഇബി മേലാറ്റൂര്‍ 110 കെവി സബ് സ്‌റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുറിശ്ശി, അങ്ങാടിപ്പുറം, വാണിയമ്ബലം എന്നിവ സ്വിച്ചിങ് സ്‌റ്റേഷനുകളാക്കും. ടവര്‍ വാഗണ്‍ ഷെഡും, ഓവര്‍ഹെഡ് എക്വിപ്‌മെന്റ് ഡിപ്പോയും, ഓഫിസും, ക്വാര്‍ട്ടേഴ്‌സുകളും നിലമ്പൂരില്‍ വരും.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയാണ് വൈദ്യുതീകരണത്തിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ കഴിഞ്ഞ ബജറ്റിലാണ് പദ്ധതിക്കായി 53 കോടി രൂപ അനുവദിച്ചത്. ഇന്ധനച്ചെലവ്, മലിനീകരണം എന്നിവ കുറയ്ക്കാനും കൂടുതല്‍ ശക്തിയുള്ള എന്‍ജിനുകള്‍ ഓടിക്കാനും പാതയിലെ ചക്രം തെന്നല്‍ ഒഴിവാക്കാനും വൈദ്യുതീകരണം കൊണ്ടാവും.

1.35 മണിക്കൂറാണ് നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരില്‍ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ ഇത് ഒരു മണിക്കൂറോളമായി കുറയും. ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂര്‍ വരെയുള്ള 67 കിലോമീറ്റര്‍ ദൂരം വൈദ്യുതീകരിക്കുന്നതോടെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂര്‍ണമായും വൈദ്യുത പാതകളാവും. വൈദ്യുതി ട്രെയിനാണെങ്കില്‍ ഇപ്പോഴുള്ള ചെലവിന്റെ 40 ശതമാനം കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത എന്‍ജിന്‍ എന്ന ഖ്യാതിയുമുണ്ട്.

Tags:    

Similar News