മലപ്പുറം: മലപ്പുറത്തും നിപ ജാഗ്രത. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിയ രോഗലക്ഷണമുള്ള ഒരാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇയാള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തിയല്ല.പനി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഇദ്ദേഹം ചികിത്സയിലിരിക്കെ കാണിച്ചതിനാലാണ് സ്രവം പരിശോധനയ്ക്കയച്ചതെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തെ ഐസൊലേഷനിലാക്കി നിരീക്ഷിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട് രോഗബാധയേറ്റവരില്‍ നിന്നും സമ്പര്‍ക്കമുള്ളവരാരും ജില്ലയിലില്ലെന്നും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ആളുകളും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 2018-ല്‍ മലപ്പുറത്ത് നിപ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കര്‍ശന സുരക്ഷാനടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്.