അമിതവില: പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലെയും കടകളില്‍ വിജിലന്‍സ് പരിശോധന, പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തു
പെരിന്തല്‍മണ്ണ: അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, പട്ടിക്കാട് എന്നിവിടങ്ങളില്‍ കടകളിലും മാര്‍ക്കറ്റുകളിലും മലപ്പുറം വിജിലന്‍സ് പരിശോധന നടത്തി. ഡിവൈഎസ്പി എ രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മഞ്ചേരി കെആര്‍ ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഫ്രോസണ്‍ കോഴിയിറച്ചി കണ്ടെത്തി. ചിക്കന്‍വിഭവങ്ങള്‍ തയ്യാറാക്കാന്‍ സൂക്ഷിച്ചിരുന്ന ഇറച്ചി രണ്ടുചാക്കുകളിലായി കണ്ടെടുത്തുവെന്ന് വിജിലന്‍സ് അറിയിച്ചു.
ഇതിനുപുറമെ ഫ്രീസറില്‍നിന്ന് കാലാവധി കഴിഞ്ഞ നാനൂറില്‍പ്പരം പാല്‍ പായ്ക്കറ്റുകളും പത്തിലധികം ഐസ്‌ക്രീം ഫാമിലി പായ്ക്കുകളും പഴകിയ പഴങ്ങളും കണ്ടെത്തി. ഇവിടെയും പെരിന്തല്‍മണ്ണ താഴെ പൂപ്പലത്തുള്ള ഗ്രീന്‍ ആപ്പിള്‍ ബേക്കറിയിലും കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നതായും വെളിപ്പെട്ടു. പെരിന്തല്‍മണ്ണയിലെ ഹൈവേ ഹൈപ്പര്‍മാര്‍ക്കറ്റിലും അങ്ങാടിപ്പുറം മിനി സൂപ്പര്‍മാര്‍ക്കറ്റിലും വെളുത്തുള്ളി, ചെറുപയര്‍ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതായും മഞ്ചേരി മാര്‍ക്കറ്റിലെ പച്ചക്കറി, പലചരക്ക്, ഇറച്ചിക്കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തി.